യന്ത്രത്തിന്റെ പണി നോക്കിനിന്നാലും കൂലി!

നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനത്ത് സുരക്ഷിതത്വമുണ്ടാകില്ലെന്ന ഒരു ധാരണ വ്യവസായികള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടാന്‍ ഇത് കാരണമായിട്ടുണ്ട്.
Posted on: September 6, 2020 4:00 am | Last updated: September 6, 2020 at 6:55 am

സംസ്ഥാനത്ത് നിരോധിക്കപ്പെട്ടതാണ് നോക്കുകൂലി സമ്പ്രദായം. എന്നിട്ടും കഴിഞ്ഞ ദിവസം കാട്ടാക്കട കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന പൈപ്പുകള്‍ നോക്കുകൂലി തര്‍ക്കത്തെ തുടര്‍ന്ന് ഇറക്കാന്‍ കഴിയാതെ ലോറി അവിടെ ഉപേക്ഷിച്ച് കരാറുകാരന് മടങ്ങേണ്ടി വന്നു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ആന പരിപാലന കേന്ദ്രത്തില്‍ റോഡിന് കുറുകെ ഇടാന്‍ വെള്ളിയാഴ്ച കാലത്താണ് പത്ത് കൂറ്റന്‍ പൈപ്പുകളുമായി ലോറിയെത്തിയത്. ഇതറിഞ്ഞ വിവിധ യൂനിയനുകളില്‍പെട്ട നൂറോളം തൊഴിലാളികള്‍ സ്ഥലത്തെത്തി. ഇത് ക്രെയിന്‍ ഉപയോഗിച്ച് ഇറക്കേണ്ട പൈപ്പുകളാണെന്നും തൊഴിലാളികളുടെ ആവശ്യമില്ലെന്നും കരാറുകാരന്‍ അറിയിച്ചപ്പോള്‍, പൈപ്പ് ഒന്നിന് 3,000 തോതില്‍ പത്ത് പൈപ്പിന് 30,000 രൂപ നോക്കുകൂലി തരാതെ പൈപ്പുകള്‍ ഇറക്കാന്‍ സമ്മതിക്കില്ലെന്നായി തൊഴിലാളികള്‍. നീണ്ട വിവാദത്തിനും തര്‍ക്കത്തിനുമൊടുവില്‍ 25,000 നല്‍കാന്‍ കരാറുകാരന്‍ സന്നദ്ധമായെങ്കിലും തീര്‍ത്തും 30,000 ലഭിക്കണമെന്ന് വാശിപിടിക്കുകയായിരുന്നു തൊഴിലാളികള്‍.

അധ്വാനത്തിനുള്ള പ്രതിഫലമാണ് കൂലി. അധ്വാനിക്കാതെ കേവലം കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ നിര്‍ബന്ധപൂര്‍വവും ഭീഷണിപ്പെടുത്തിയും കൂലി വാങ്ങുന്നത് അന്യായവും കാടന്‍ സംസ്‌കാരവുമാണ്. ചുമട്ട് തൊഴില്‍ രംഗത്ത് നേരത്തേ ഈ പ്രവണത വ്യാപകമായിരുന്നു. അംഗീകൃത ചുമട്ട് തൊഴിലാളികളല്ലാത്തവരെക്കൊണ്ട് കയറ്റിറക്ക് ജോലികള്‍ നടത്തുമ്പോഴും ജെ സി ബി, ക്രെയിന്‍ തുടങ്ങി ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് കയറ്റിറക്ക് നടത്തുമ്പോഴും ആ പ്രദേശത്തെ തൊഴിലാളി യൂനിയനുകള്‍ നോക്കികൂലിക്കായി രംഗത്ത് വരികയും സംഘടിത ശക്തിയുപയോഗിച്ച് അത് കൈപറ്റുകയും ചെയ്യാറുണ്ടായിരുന്നു.

ഗാര്‍ഹികാവശ്യങ്ങള്‍ക്കോ കാര്‍ഷികാവശ്യങ്ങള്‍ക്കോ ആരെങ്കിലും സ്വന്തം തൊഴിലാളികളെക്കൊണ്ട് കയറ്റിറക്ക് നടത്തിക്കുമ്പോഴും പ്രദേശത്തെ ബാഡ്ജുള്ള തൊഴിലാളികള്‍ അവിടെയെത്തി ഇത് തങ്ങള്‍ക്കവകാശപ്പെട്ട ജോലിയാണെന്നും മറ്റുള്ളവരെക്കൊണ്ട് ചെയ്യാന്‍ സമ്മതിക്കുകയില്ലെന്നും തടസ്സവാദം ഉന്നയിക്കലും പതിവായിരുന്നു. അല്ലെങ്കില്‍ അവര്‍ക്ക് നോക്കുകൂലി നല്‍കണം. കയറ്റിറക്ക് രംഗത്ത് അസ്വാരസ്യങ്ങള്‍ക്കും പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് വരെയും ഈ നോക്കുകൂലി സന്പ്രദായം വഴിവെച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം മുഖേന രണ്ട് വര്‍ഷം മുമ്പ് ഇത് നിരോധിച്ചത്.

തൊഴിൽ ‍നിയമത്തില്‍ ഭേദഗതി വരുത്തി 2018 മെയ് ഒന്നിന് ഇത് സംബന്ധിച്ച് തൊഴില്‍വകുപ്പ് ഇറക്കിയ ഉത്തരവില്‍ ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്ന നോക്കുകൂലി സമ്പ്രദായം അനുവദിക്കില്ലെന്നും ചില മേഖലകളില്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതിനുള്ള അവകാശം തൊഴിലാളി സംഘടനകള്‍ ഏറ്റെടുക്കുന്നത് തടയുമെന്നും വ്യക്തമാക്കുന്നു. അമിതകൂലി ഈടാക്കിയാല്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കാര്‍ഡ് റദ്ദാക്കും. അസി. ലേബര്‍ ഓഫീസര്‍ ഇടപെട്ട് അമിത കൂലി തിരികെ വാങ്ങി നല്‍കുകയും ചെയ്യും. തൊഴിലെടുക്കാനുള്ള അവകാശം, ഉയര്‍ന്ന കൂലി എന്നിവ ആവശ്യപ്പെട്ട് തൊഴിലുടമയെ ഭീഷണിപ്പെടുത്തുകയോ വസ്തുവകകള്‍ നശിപ്പിക്കുകയോ മറ്റ് തടസ്സങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാന്‍ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ലേബര്‍ ഓഫീസര്‍മാര്‍ വിവരം പോലീസിനെ അറിയിച്ച് തൊഴിലുടമക്ക് നീതി ലഭ്യമാക്കണം. നോക്കുകൂലി തടയുന്നതിനും പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും ജില്ലകളില്‍ കലക്ടര്‍ ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറുമായി പ്രത്യേക സമിതികള്‍ പ്രവര്‍ത്തനം തുടങ്ങുകയും ഉത്തരവ് നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ജില്ലാതല യോഗങ്ങള്‍ ചേര്‍ന്നപ്പോള്‍ തൊഴിലാളി യൂനിയനുകള്‍ അതിന് പൂര്‍ണ പിന്തുണ നല്‍കിയതുമാണ്.

ALSO READ  റാങ്ക് ലിസ്റ്റ് നീട്ടിയതു കൊണ്ട് മാത്രമായില്ല

എന്നാല്‍, നിയമം ഏട്ടിലെ പശുവാണല്ലോ പല കാര്യങ്ങളിലും. നിരോധനത്തിന് ശേഷവും പലയിടങ്ങളിലും ഈ പ്രവണത നിലനില്‍ക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലില്‍ തിരുവല്ല കറ്റോട് സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ ഇറക്കാനുള്ള ഭക്ഷ്യ എണ്ണക്ക് “മറികാശ് ‘ എന്ന പേരില്‍ തൊഴിലാളികള്‍ അധിക തുക ആവശ്യപ്പെടുകയും കൂലിത്തര്‍ക്കത്തിനിടെ ലോറി ഡ്രൈവറെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ലോഡ് ഇറക്കാതെ ലോറി തിരികെ പോവുകയായിരുന്നു.

സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ചിലയിടങ്ങളില്‍ നോക്കുകൂലിയെന്ന പേരിലല്ലാതെ മറ്റ് പല പേരുകളിലുമാണ് തൊഴിലാളികള്‍ അനര്‍ഹമായി പണം ഈടാക്കുന്നത്. ഗോഡൗണുകളിലേക്ക് വരുന്ന അരിയുടെയോ മറ്റ് പലവ്യഞ്ജനങ്ങളുടെയോ ലോഡില്‍ നിന്ന് പകുതി മാത്രമാണ് ഒരു കടയില്‍ ഇറക്കുന്നതെങ്കില്‍ മുഴുവന്‍ ലോഡിന്റെയും കൂലി നിര്‍ബന്ധിച്ച് വാങ്ങുന്നുണ്ട് ചില നഗരങ്ങളില്‍. ലോറിയില്‍ 50 ചാക്കിലേറെ ചരക്ക് കയറ്റുന്നതിന് കെട്ടുകാശ് എന്ന പേരിലും കാപ്പിക്കാശെന്ന പേരിലും വേറെയും തുക ഈടാക്കുന്നവരുണ്ട്.

ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങള്‍ക്കും സംസ്ഥാനത്തിന് തന്നെയും ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ട് തൊഴിലാളികളുടെ ഇത്തരം പിടിച്ചുപറികള്‍. നോക്കുകൂലിയും സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന രീതിയും കേരളത്തിന്റെ തൊഴില്‍ മേഖലയുടെ പ്രതിച്ഛായ മോശമാക്കിയതായി നോക്കുകൂലി നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട് 2018 മാര്‍ച്ചില്‍ ചേര്‍ന്ന തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുറന്ന് പറഞ്ഞതാണ്.

വ്യവസായ രംഗത്ത് കേരളം പിന്തള്ളപ്പെട്ടതിന്റെയും സംസ്ഥാനത്തേക്ക് വ്യവസായികള്‍ കടന്ന് വരാന്‍ മടിക്കുന്നതിന്റെയും മർമപ്രധാന കാരണം ഇതുപോലുള്ള മോശം തൊഴില്‍ സംസ്‌കാരങ്ങളാണെന്ന് പലരും ചൂണ്ടിക്കാട്ടിയതുമാണ്. നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനത്ത് സുരക്ഷിതത്വമുണ്ടാകില്ലെന്ന ഒരു ധാരണ വ്യവസായികള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടാന്‍ ഇത് കാരണമായിട്ടുണ്ട്. നിയമത്തോടൊപ്പം ശക്തമായ ബോധവത്കരണവും ഇക്കാര്യത്തില്‍ ആവശ്യമാണ്. തൊഴിലാളികള്‍ക്കിടയില്‍ ഇത്തരം മോശം പ്രവണതകള്‍ വളര്‍ത്തിയെടുത്ത തൊഴില്‍ സംഘടനകളും നേതാക്കളും തന്നെയാണ് അത് ഇല്ലായ്മ ചെയ്യാൻ മുന്‍കൈയെടുക്കേണ്ടത്.