വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിച്ചു

Posted on: September 5, 2020 9:28 pm | Last updated: September 5, 2020 at 9:28 pm
വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച പി പി മത്തായിയുടെ മൃതശരീരത്തിന് മുന്നില്‍ അന്തിമോപചാരം അര്‍പ്പിക്കുന്ന ആന്റോ ആന്റണി എം പി

പത്തനംതിട്ട | വനപാലകരുടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറെ ചരുവില്‍ പി പി മത്തായിയുടെ മൃതദേഹം കുടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിച്ചു. മരണം നടന്ന് നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്തായിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മത്തായിയുടെ മരണത്തിനു ഉത്തരവാദികളായവരെ കസ്റ്റഡിയില്‍ എടുക്കുന്നതിന് ഭാര്യ ഷീബമോള്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെ കേസ് സി ബി ഐ ഏറ്റെടുത്തു അന്വേഷണം ആരംഭിച്ചു. ഇതിനു ശേഷമാണ് മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഭാര്യയും കുടുംബാംഗങ്ങളും ബന്ധുക്കളും തീരുമാനിച്ചത്.

അന്വേഷണം സി ബി ഐ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഒന്നര മാസത്തിലധികമായി റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മൂന്നിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഒമ്പതോടെ മത്തായി താമസിച്ചുകൊണ്ടിരുന്ന ചിറ്റാര്‍ അരിക്കക്കാവിലെ വീട്ടില്‍ എത്തിക്കുകയും തുടര്‍ന്ന് സംസ്‌കാരത്തിനായി കുടുംബവീടിന് അടുത്തുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എത്തിക്കുകയുമായിരുന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യമാണെങ്കിലും മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലും സംസ്‌കാര ചടങ്ങുകളിലും വന്‍ ജനാവലിയാണ് പങ്കെടുത്തത്. ഓര്‍ത്തോഡോക്‌സ് സഭാ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലിത്താ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദേസ് സെക്രട്ടറി യുഹാനോന്‍ മാര്‍ ദിയസ്‌കറോസ് മെത്രപ്പോലിത്താ, ജോഷ്വാ മാര്‍ നിക്കോമോദിയോസ് മെത്രപ്പോലിത്താ, ബെസലേല്‍ റമ്പാന്‍, യാക്കൂബ് റമ്പാന്‍. മറ്റ് വൈദികര്‍ എന്നിവര്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ടെലഫോണ്‍ വഴി അനുശോചനം അറിയിച്ചു. ആന്റോ ആന്റണി എം പി, എം എല്‍ എമാരായ പി ജെ ജോസഫ്, പി സി ജോര്‍ജ്, രാജു ഏബ്രഹാം, വീണാ ജോര്‍ജ്, ജനീഷ് കുമാര്‍, ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ്, പി മോഹന്‍രാജ്, ജോസഫ് എം പുതുശ്ശേരി, വിക്ടര്‍ ടി തോമസ്, ഫ്രാന്‍സിസ് ജോര്‍ജ് സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു.

ALSO READ  പത്തനംതിട്ടയില്‍ 133 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനം