Connect with us

National

സിക്കിമിൽ 17,500 അടി ഉയരത്തിൽ കുടുങ്ങിയ ചൈനീസ് പൗരന്മാർക്ക് സഹായഹസ്തവുമായി ഇന്ത്യൻ സൈന്യം

Published

|

Last Updated

ന്യൂഡൽഹി| വടക്കൻ സിക്കിമിൽ സമുദ്രനിരപ്പിൽ നിന്ന് 17,500 അടി ഉയരത്തിൽ കൊടുംശൈത്യത്തിൽ വഴി തെറ്റിയ ചൈനീസ് പൗരന്മാർക്ക് സഹായഹസ്തവുമായി ഇന്ത്യൻ സൈന്യം. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്ന മൂന്നംഗസംഘത്തിനാണ് യാത്രക്കിടെ വഴിതെറ്റിയത്. ചൈനീസ് പൗരന്മാരുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ഇന്ത്യൻ സൈന്യം ഉടൻ സ്ഥലത്തെത്തി ഇവർക്ക് ആവശ്യമായ ഭക്ഷണവും ഓക്‌സിജൻ ഉൾപ്പെടെയുള്ള വൈദ്യസഹായവും വസ്ത്രങ്ങളും നൽകി. ഇവരുടെ വാഹനം ശരിയാക്കാനും സൈനികർ സഹായിച്ചു.

യഥാസമയം സഹായം വാഗ്ദാനം ചെയ്ത് ലക്ഷ്യസ്ഥാനത്തേക്കുള്ള ശരിയായ വഴിയും കാണിച്ചുകൊടുത്ത ഇന്ത്യയോടും ഇന്ത്യൻ സൈന്യത്തോടും നന്ദി അറിയിച്ചാണ് ചൈനീസ് പൗരന്മാർ മടങ്ങിയതെന്ന് കരസേന പ്രസ്താവനയിൽ അറിയിച്ചു. സഹായം നൽകുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്റെ തെക്കേ കരയിൽ കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയും ചൈനീസ് സൈന്യം പ്രകോപനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി വാർത്തകൾ പുറത്തുവന്നതിന് ശേഷമാണ് സംഭവം.

Latest