ബിനീഷ് കോടിയേരിയുടെ ബെംഗളൂരുവിലെ മണി എക്‌സ്‌ചേഞ്ച് കമ്പനിയെപറ്റി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം; പി കെ ഫിറോസ്

Posted on: September 5, 2020 3:58 pm | Last updated: September 6, 2020 at 7:16 am

തിരുവനന്തപുരം | ബിനീഷ് കോടിയേരിയുടെ ബെംഗളൂരുവിലുള്ള മണി എക്‌സ്‌ചേഞ്ച് കമ്പനിയെപറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ബി ക്യാപിറ്റല്‍ എന്ന ബിനീഷിന്റെ കമ്പനിയുടെ ഇടപാടുകള്‍ സംശയാസ്പദമാണ്. 2015ല്‍ തുടങ്ങിയ കമ്പനി പ്രവര്‍ത്തിച്ചത് ലഹരി മരുന്ന് ഇടപാടിനാണോയെന്ന് സംശയമുണ്ടെന്നും ബിനീഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഗോവയിലും ബെംഗളൂരുവിലുമെത്തുന്ന വിദേശികള്‍ക്ക് വലിയ തോതല്‍ മയക്ക് മരുന്ന് വിതരണം നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരത്തില്‍ മയക്ക് മരുന്നിനും മറ്റുമായി വിദേശികള്‍ ചെലവഴിക്കുന്ന പണം മാറുന്നതിനാണോ മണി എക്‌സ്‌ചേഞ്ച് തുടങ്ങിയതെന്നും സംശയമുണ്ട്. മയക്ക് മരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായി ബിനീഷിന് വലിയ ബന്ധമാണുള്ളത്. അനൂപുമായി ബന്ധപ്പെട്ട് മയക്ക് മരുന്ന് ഇടപാടുകള്‍ ഗോവയിലും നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് സംബന്ധിച്ച് ബിനീഷ് പറയുന്നതെല്ലാം കള്ളമാണ്. ബിനിഷ് കോടിയേരി പല തവണ അനൂപ് മുഹമ്മദിനെ വിളിച്ചു. ഇതില്‍ പലതും ഏറെ നേരം നീണ്ടുനിന്നതാണ്.

യു  എഫ് എക്‌സ് സൊല്യൂഷന്‍ എന്ന സ്ഥാപനവുമായി എന്ത് ബന്ധമാണുള്ളതെന്ന് ബിനീഷ് വ്യക്തമാക്കണം. ബിനീഷിന്റെ ബിനാമി സ്ഥാപനമാണിതെന്ന് തിരുവനന്തപുരത്തുള്ള എല്ലാവര്‍ക്കും അറിയാം.സ്വപ്‌ന സുരേഷ് ഇ ഡി നല്‍കിയ മൊഴിയില്‍ യു  എഫ് എക്‌സ് സൊല്യൂഷനെക്കുറിച്ചും പറയുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ ബിനാമി ഉടമയുടെ സഹോദന്റെ കാറാണ് ബിനീഷ് ഉപയോഗിക്കുന്നത്.

യു എ ഇ കോണ്‍സുലേറ്റും സ്വപ്‌നയുമായുള്ള ഇടപാടിലും ബിനീഷ് ഇടനിലക്കാരനാണ്. സ്വര്‍ണക്കടത്ത് അന്വേഷണം പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടിലേക്ക് വ്യാപിപ്പിക്കണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്ക് മരുന്ന് മാഫിയകളെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെമെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.