Connect with us

Articles

ഓണ്‍ലൈനിലെ അധ്യാപകന്‍

Published

|

Last Updated

കൊറോണാനന്തരം പരമ്പരാഗതമായി ജനങ്ങള്‍ തുടര്‍ന്നു വന്നിരുന്ന കാര്യങ്ങളിലെല്ലാം മാറ്റം വന്നെങ്കിലും ഏറ്റവുമധികം മാറ്റങ്ങള്‍ക്കു വിധേയമായത് വിദ്യാഭ്യാസ മേഖലയാണ്. ഓണ്‍ലൈന്‍ അധ്യാപനത്തെ കുറിച്ച് കേട്ടറിവ് മാത്രമേ മാര്‍ച്ച് 10 വരെ അധ്യാപകര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ എത്ര വേഗത്തിലാണ് അധ്യാപകര്‍ ഓണ്‍ലൈന്‍ അധ്യാപനത്തില്‍ പ്രാവീണ്യം നേടിയത്. ഗൂഗിള്‍ മീറ്റ്, സൂം, വാട്‌സ്ആപ്പ്, വെബെക്‌സ് തുടങ്ങിയവയിലൂടെയും സ്വന്തമായി രൂപവത്കരിച്ച ആപ്പുകളിലൂടെയും ഓണ്‍ലൈന്‍ അധ്യാപനം ഇന്ന് സാധ്യമാകുന്നു.
എന്നാല്‍ ചില ചോദ്യങ്ങള്‍ ഇപ്പോള്‍ ഉയരുന്നുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം അധ്യാപക- വിദ്യാര്‍ഥി ബന്ധത്തില്‍ ഉണ്ടാക്കിയ വിടവുകള്‍ വലുതല്ലേ? ചോദ്യം സ്വാഭാവികമാണ്. പുതിയ തലമുറയിലെ വിദ്യാര്‍ഥികള്‍ അധ്യാപകരെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനും പിശുക്ക് കാണിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. ഓണ്‍ലൈന്‍ പഠനമായപ്പോള്‍ അത് എവിടെ എത്തിയെന്ന് നിര്‍ണയിക്കാന്‍ കഴിയുന്നില്ല. ഇന്നത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തില്‍ എത്രമാത്രം ഊന്നല്‍ നല്‍കാന്‍ സാധിക്കുമെന്ന് കണ്ടറിയേണ്ടതാണ്.

കൊവിഡ് മഹാമാരി ലോകത്ത് പടര്‍ന്നു പിടിച്ചപ്പോള്‍ പാഠപുസ്തകങ്ങളിലെ അറിവുകളും സയന്‍സും പകച്ചു നില്‍ക്കുന്നത് നാം കണ്ടതാണ്. അവിടെയാണ് എങ്ങനെ ജീവിക്കാന്‍ പഠിക്കണം എന്ന അറിവിനെ കുറിച്ച് ബോധ്യമുണ്ടാകുന്നത്. കുട്ടികള്‍ക്ക് ജീവിത നൈപുണികള്‍ പഠിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു അവസരമാണ് ഇത്. എല്ലാ സാഹചര്യത്തിലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന മാനസികവും വൈകാരികവുമായ ഒരു പരിവര്‍ത്തനം കുട്ടികളില്‍ ഉണ്ടാക്കാന്‍ അധ്യാപകര്‍ക്ക് കഴിയുമ്പോള്‍ മാത്രമേ യഥാര്‍ഥ ജീവിതത്തില്‍ വിജയിക്കാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ.

പ്രതിസന്ധികളും വിഷമങ്ങളും നേരിടുമ്പോള്‍ അത് മറികടന്ന് മുന്നോട്ടുപോകാന്‍ ആവശ്യമായ നൈപുണികള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ഓരോ ക്ലാസ് റൂമിലും ഓരോ അധ്യാപകനും കഴിയേണ്ടതുണ്ട്, പ്രത്യേകിച്ച് ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസ കാലത്ത്. അതുപോലെ ഓണ്‍ലൈന്‍ അധ്യാപനം വിജയകരമാകണമെങ്കില്‍ സാങ്കേതികമായി ഉന്നതമായ ഒരു അടിത്തറ എല്ലാ അധ്യാപകരും ഉണ്ടാക്കിയെടുക്കേണ്ടതുമുണ്ട്.
ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും അവയുടെ ആധിപത്യം ഉറപ്പിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സൈബര്‍ ബുള്ളിയിംഗ് പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള പദ്ധതികളും അറിവും അധ്യാപകരും മാതാപിതാക്കളും ആര്‍ജിക്കേണ്ടത് ഇപ്പോള്‍ അനിവാര്യമായിരിക്കുന്നു. അതുപോലെ, ഓണ്‍ലൈന്‍ ലോകത്തെ കുറിച്ച് ശരിയായ രീതിയിലുള്ള അറിവും അവബോധവും കുട്ടികളില്‍ ഉണ്ടാക്കിക്കൊടുക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. ഓണ്‍ലൈന്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വത പലപ്പോഴും കുട്ടികള്‍ക്ക് ഉണ്ടാകണമെന്നില്ലല്ലോ. സുരക്ഷിതമായി ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കാനുള്ള ഒരു തിരിച്ചറിവ് കുട്ടികളില്‍ ഉണ്ടാക്കാന്‍ അധ്യാപകര്‍ക്കു കഴിയണം. ഓണ്‍ലൈന്‍ കാല അധ്യാപനത്തിന്റെ ശൈലി ഓഫ്‌ലൈന്‍ കാല അധ്യാപനത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണെന്ന തിരിച്ചറിവ് തന്നെയാണ് ഇപ്പോള്‍ അധ്യാപകര്‍ക്കുണ്ടാകേണ്ട ഏറ്റവും വലിയ അറിവ്.

(സി ബി എസ് ഇ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവാണ് ലേഖകന്‍)

Latest