റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് ലാന്‍സെറ്റ്

Posted on: September 5, 2020 8:23 am | Last updated: September 5, 2020 at 11:44 am

മോസ്‌കോ | റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്‌നിക് 5 സുരക്ഷിതമെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ്. വാക്സിന്‍ പരീക്ഷിച്ച മനുഷ്യരില്‍ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി ലാന്‍സെറ്റ് വെള്ളിയാഴ്ച പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ വാക്സിന്‍ പരീക്ഷണത്തില്‍ 76 പേരിലായിരുന്നു പരീക്ഷിച്ചത്. സ്പുടിനിക് 5 പ്രയോഗിച്ചവരിലെല്ലാം 21 ദിവസത്തിനുള്ളില്‍ ആന്റിബോഡി ഉത്പാദിക്കപ്പെട്ടു. ആര്‍ക്കും തന്നെ ശാരീരികപ്രശ്നങ്ങളോ വിപരീതഫലങ്ങളോ രൂപപ്പെട്ടിട്ടുമില്ല.

42 ദിവസമായി ഇവരെ നിരീക്ഷിച്ചുവരികയാണ്. ഈ ദിവസങ്ങളിലൊന്നും തന്നെ പാര്‍ശ്വഫലങ്ങളൊന്നും കാണിക്കാതിരുന്നത് വാക്സിന്‍ സുരക്ഷിതമാണെന്ന് അനുമാനിക്കുന്നതിനുള്ള സൂചനയാണെന്ന് ലാന്‍സെറ്റിന്റെ പ്രാഥമികതല റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വാക്സിന് പൂര്‍ണ്ണമായ അംഗീകാരം നല്‍കുന്നതിന് മുന്‍പ് ദീര്‍ഘകാല അടിസ്ഥാനത്തിനുള്ള പ്ലാസിബോ താരതമ്യ പഠനമടക്കം നടത്തേണ്ടതുണ്ടെതെന്നും പഠനത്തില്‍ പറയുന്നു.

ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കൊവിഡ് വാക്സിനായിരുന്നു റഷ്യയുടെ സ്പുടിനിക് 5. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ മകളിലടക്കം ഈ വാക്സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുത്തിവെക്കുകയും ചെയ്തിരുന്നു. അതേസമയം വളരെ ധൃതിപ്പിടിച്ച് മനുഷ്യരില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്നതില്‍ ആശങ്ക പ്രകടപ്പിച്ച് ലോകാരോഗ്യ സംഘടനയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.