ബിനീഷ് കോടിയേരിക്ക് ലഹരി സംഘവുമായുള്ള ബന്ധം അന്വേഷിക്കണം: ചെന്നിത്തല

Posted on: September 4, 2020 6:30 pm | Last updated: September 4, 2020 at 6:30 pm

തിരുവനന്തപുരം | ലഹരിക്കടത്ത് സംഘവുമായി സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കുളള ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇക്കാര്യം നിസ്സാരവത്കരിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ലഹരി സംഘവുമായി ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി തന്നെ സമ്മതിച്ചു എന്നത് ഗൗരവമുളള കാര്യമാണ്. സ്വര്‍ണക്കടത്ത് സംഘവുമായും ലഹരി സംഘത്തിന് ബന്ധമുണ്ട്. അവരുമായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ബന്ധമുണ്ട് എന്നത് ഞെട്ടിക്കുന്നതാണ്. സ്വപ്‌നയ്ക്ക് മയക്കുമരുന്ന് സംഘവുമായുളള ബന്ധം പുറത്തുവരണം. ദിവസങ്ങള്‍ കഴിയുന്തോറും ആളുകളുടെ നെഞ്ചിടിപ്പ് വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇക്കാര്യം ഉദ്ദേശിച്ചാണോയെന്നും ആരുടെ നെഞ്ചിടിപ്പാണ് ഇപ്പോള്‍ വര്‍ധിച്ചതെന്നും ചെന്നിത്തല ചോദിച്ചു.

ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകന് ബന്ധമുളളതുകൊണ്ടാണോ കോട്ടയം ജില്ലയില്‍ നടന്ന നൈറ്റ് പാര്‍ട്ടിയെ കുറിച്ച് അന്വേഷണം നടക്കാത്തത് എന്നും ചെന്നിത്തല ചോദിച്ചു. ഇക്കാര്യത്തിലെല്ലാം മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. ഇതുസംബന്ധിച്ച സത്യാവസ്ഥകള്‍ പുറത്തുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.