Connect with us

Kannur

തിരഞ്ഞെടുപ്പ് ഫണ്ടിനായി ബിരിയാണി ചലഞ്ച്; പുത്തൻ പരീക്ഷണവുമായി പാർട്ടികൾ

Published

|

Last Updated

കണ്ണൂർ | തദ്ദേശ തിരഞ്ഞെടുപ്പിന് ഫണ്ട് കണ്ടെത്താൻ പുതിയ മാർഗങ്ങൾ തേടുകയാണ് രാഷ്ട്രീയ പാർട്ടികൾ. കൊവിഡ് കാലമായതിനാൽ രശീത് കുറ്റിയുമായി ഇറങ്ങിയാൽ ആവശ്യത്തിന് ഫണ്ട് കിട്ടില്ലെന്നതാണ് പുതിയ പരീക്ഷണങ്ങളുമായി രംഗത്തിറങ്ങാൻ പ്രേരിപ്പിക്കുന്നത്.

ഫണ്ട് കണ്ടെത്താൻ വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചു വരികയാണ് പാർട്ടി പ്രവർത്തകർ. സി പി എമ്മാണ് ഇത്തരം പരിപാടികളുമായി രംഗത്തിറങ്ങുന്നതിൽ മുന്നിൽ. വിവിധ ബ്രാഞ്ചുകളിലായി വിവിധ ക്ലബ്ബുകളുടെയും മറ്റും നേതൃത്വത്തിലാണ് ചലഞ്ചുകൾ സംഘടിപ്പിക്കുന്നത്. ബിരിയാണിയും ഓണക്കോടിയും അച്ചാറും പായസവുമൊക്കെ ചലഞ്ചിൽ പെടും. ഇത്തരത്തിൽ 50,000 മുതൽ രണ്ട് ലക്ഷം വരെ സ്വരൂപിച്ച ചലഞ്ചുകളുണ്ട്. ഓണത്തിന് പായസമായിരുന്നു ഇതിൽ പ്രധാനം. അതിന് മുമ്പ് ബിരിയാണി ചലഞ്ചുകൾ നിരവധി സ്ഥലങ്ങളിലായി സംഘടിപ്പിച്ചു. ചിക്കൻ ബിരിയാണിക്ക് 80 മുതൽ 100 രൂപ വരെയാണ് ഈടാക്കിയത്. ബുക്ക് ചെയ്തവർക്ക് വീടുകളിൽ സാധനങ്ങൾ എത്തിച്ചു നൽകും. അതുകൊണ്ട് തന്നെ രാഷ്ട്രീയ ഭേദമന്യേ ചലഞ്ചുമായി സഹകരിക്കാൻ തയ്യാറാകുന്നുണ്ടെന്ന് സംഘാടകർ പറയുന്നു. പാർട്ടി പ്രവർത്തകർ തന്നെയാണ് പാചകവും വിതരണവും. ഗുണമേന്മയുള്ള ഭക്ഷണം വില കുറച്ച് ലഭിക്കുന്നുവെന്നത് പ്രത്യേകതയാണ്.

മറ്റ് ജില്ലകളെ അപേക്ഷിച്ച് കണ്ണൂർ ജില്ലയിലാണ് ഇത്തരത്തിലുള്ള ചലഞ്ചുകൾ വ്യാപകം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്താൻ നേരത്തേ സി പി എമ്മും പോഷക സംഘടനകളും വിവിധ ചലഞ്ചുകൾ നടത്തിയിരുന്നു. ഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി ആക്രി പെറുക്കി വിറ്റുണ്ടാക്കിയത് 11 കോടി രൂപക്കടുത്തായിരുന്നു. ഇതിന്റെ വിജയമാണ് തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താനും ചലഞ്ച് തന്നെ പരീക്ഷിക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നത്. കുറച്ച് അധ്വാനമുണ്ടെങ്കിലും സംഗതി വിജയമാണെന്നാണ് പ്രവർത്തകരുടെ അഭിപ്രായം. ഫണ്ട് കണ്ടെത്താൻ മാത്രമല്ല പ്രചാരണ രംഗത്തും പുതിയ തന്ത്രങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത്.

കൊവിഡ് കാലത്ത് പൊതുയോഗവും പ്രകടനങ്ങളും നടക്കില്ലെന്നത് കൊണ്ട് നവമാധ്യമങ്ങളെ പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് ശ്രമം. സി പി എമ്മും കോൺഗ്രസും ഇതിനായുള്ള പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. സി പി എം ഏരിയാ തലത്തിൽ പാർട്ടി ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ് ജന ശക്തികൾ എന്ന പേരിൽ ഓൺലൈൻ പ്രചാരണത്തിനായി ഒരുങ്ങി ക്കഴിഞ്ഞു. നവമാധ്യമങ്ങളിൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നവർക്കായി പ്രത്യേക പരിശീലനവും നൽകും.

---- facebook comment plugin here -----

Latest