വെഞ്ഞാറമൂട് ഇരട്ടക്കൊല ആസൂത്രണം ചെയ്തത് ഡി സി സി നേതാക്കള്‍: ഡി വൈ എഫ് ഐ

Posted on: September 4, 2020 11:50 am | Last updated: September 4, 2020 at 9:39 pm

തിരുവനന്തപുരം |  വെഞ്ഞാറമുട് ഇരട്ടക്കൊല ആസൂത്രണം നടത്തിയത് ഡി സി സി നേതാക്കളുടെ നേതൃത്വത്തിലാണെന്ന ആരോപണവുമായി ഡി വൈ എഫ് ഐ രംഗത്ത്. ഹഖ് മുഹമ്മദും മിഥിലാജും കൊല്ലപ്പെടുമ്പോള്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതാവ് പുരുഷോത്തമന്‍ നായര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യപ്രതിയായ സജീവും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ നേരിട്ട് പങ്കെടുത്തു. കഴിഞ്ഞ ദിവസം പിടിയിലായ ഉണ്ണി എന്ന ബിജു ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാണ്. മറ്റൊരു കൊലക്കേസിലെ പ്രതിയുമാണിയാള്‍. സമാധാനം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം പ്രതികളെ ഇതുവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും റഹീം വിമര്‍ശിച്ചു.

കോണ്‍ഗ്രസ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായതിനാലാണ് പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തത്. അറസ്റ്റിലായ പ്രതികളുടെ നിയമസംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. പാര്‍ട്ടിക്കാരായ പ്രതികളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൊലപാതകത്തില്‍ പാര്‍ട്ടിക്കുണ്ടായ അപമാനം മറച്ചുവയ്ക്കാനായി തെറ്റായ പ്രചരണങ്ങള്‍ നടത്തി കോണ്‍ഗ്രസ് നേതൃത്വം ഇരകളെ അവഹേളിക്കുകയാണ്. ഭാവിയില്‍ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടരുതെന്ന് ലക്ഷ്യമിട്ട് അന്വേഷത്തെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതിന് അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെന്നും റഹീം ആരോപിച്ചു.