നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ നടത്തുന്നതിനെതിരെ പുനഃപരിശോധനാ ഹരജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

Posted on: September 4, 2020 7:31 am | Last updated: September 4, 2020 at 9:56 am

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് രൂക്ഷമായ സഹാചര്യത്തിലും നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ നടത്താന്‍ ഉത്തരവ് നല്‍കിയതിനെതിരായ പുനഃപരിശോധന ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമാണ് പുനഃപരിശോധന ഹരജി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 17ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിയത്. ഈ നടപടിക്കെതിരെ പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര മന്ത്രിമാരും, പുതുച്ചേരി സര്‍ക്കാര്‍ വിപ്പുമാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. വിദ്യാര്‍ഥികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതില്‍ കോടതിക്ക് പിഴവ് പറ്റിയെന്നാണ് സംസ്ഥാനങ്ങളുടെ വാദം. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതില്‍ അടക്കം കോടതി നിലപാട് നിര്‍ണായകമാണ്.

കൊവിഡ് സമയത്തും ജീവിതം മുന്നോട്ടു പോകേണ്ടതുണ്ടെന്നാണ് പരീക്ഷക്ക് അനുമതി നല്‍കിക്കൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. പരീക്ഷ മാത്രമായി നിര്‍ത്തിവെക്കാന്‍ പറ്റുമോയെന്നും, പരീക്ഷ നടന്നില്ലെങ്കില്‍ അത് രാജ്യത്തിന്റെ നഷ്ടമാകില്ലേയെന്നും കോടതി ആരാഞ്ഞിരുന്നു.