മൊറട്ടോറിയം കാലയളവിലെ പിഴപ്പലിശ; റിസര്‍വ് ബേങ്ക് വ്യക്തത വരുത്തണമെന്ന് സുപ്രീം കോടതി

Posted on: September 3, 2020 4:04 pm | Last updated: September 3, 2020 at 7:34 pm

ന്യൂഡല്‍ഹി | മൊറട്ടോറിയം കാലയളവില്‍ ബേങ്കുകള്‍ പിഴപ്പലിശ ഈടാക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ റിസര്‍വ് ബേങ്ക് വ്യക്തത വരുത്തണമെന്ന് സുപ്രീം കോടതി. പിഴപ്പലിശയും മൊറോട്ടോറിയവും ഒരുമിച്ചു കൊണ്ടുപോകുന്നത് ഉചിതമല്ലെന്ന് കോടതി പറഞ്ഞു. മൊറട്ടോറിയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ബേങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം വേണമെങ്കില്‍ രണ്ട് വര്‍ഷം വരെ നീട്ടാന്‍ സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇത് ഉടന്‍ തീരുമാനിക്കാനാകില്ലെന്നും ബേങ്കുകളും ആര്‍ ബി ഐയും ചര്‍ച്ച നടത്തി തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്.

ലോക്ക് ഡൗണ്‍ കാലത്ത് ബേങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വായ്പാ തുകയുടെ പലിശയും പലിശയുടെ പലിശയും ബേങ്കുകള്‍ ഈടാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. മൊറട്ടോറിയം നീട്ടുന്നതിനൊപ്പം മൊറട്ടോറിയം കാലത്തെ പലിശയില്‍ ഇളവ് നല്‍കണം എന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.