Connect with us

Articles

കോണ്‍ഗ്രസിനെ വേട്ടയാടുന്ന ഭൂതം

Published

|

Last Updated

2017 അന്ത്യത്തില്‍, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി അവരോധിക്കപ്പെട്ട പട്ടാഭിഷേക നാളില്‍ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ചാപ്റ്ററിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും മാധ്യമ പ്രവര്‍ത്തകനുമായ ആകര്‍ പട്ടേല്‍ കുടുംബ വാഴ്ചയെ ന്യായീകരിച്ചു കൊണ്ട് ഒരു ഫീച്ചര്‍ എഴുതുകയുണ്ടായി. (സണ്‍ഡെ ക്രോണിക്കിള്‍ – 2017 ഡിസംബര്‍ 17) നിഖില മേഖലകളിലും അനന്തരാവകാശികള്‍ വാഴുന്ന ലോകത്ത് സോണിയയുടെ പുത്രന്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് അവരോധിക്കപ്പെടുന്നതില്‍ എന്താണ് തെറ്റ് എന്നാണ് അദ്ദേഹം ഉയര്‍ത്തിയ മുഖ്യചോദ്യം. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ചരിത്രം തന്നെ താവഴിയവകാശത്തിന്റേതാണ് എന്ന തരത്തില്‍ അദ്ദേഹം ഇത്രത്തോളം എഴുതി: “”സോണിയാ ഗാന്ധി ഭര്‍ത്താവ് രാജീവില്‍ നിന്നാണ് കോണ്‍ഗ്രസിനെ അനന്തരമെടുത്തത്. രാജീവാകട്ടെ സഞ്ജയ് ഗാന്ധിയില്‍ നിന്ന്. സഞ്ജയ് മാതാവ് ഇന്ദിരയില്‍ നിന്ന്. ഇന്ദിര പിതാവ് നെഹ്‌റുവില്‍ നിന്ന്. നെഹ്‌റുവാകട്ടെ, മോത്തിലാല്‍ നെഹ്‌റുവില്‍ നിന്ന്””. കുടുംബവാഴ്ചയുടെ ഈ അശ്ലീല പൈതൃകത്തിന് പോറലേല്‍ക്കാന്‍ പാടില്ല എന്ന് ഇന്ദിരയുടെ മരുമകള്‍ക്കും അവരുടെ മക്കള്‍ക്കും ഇപ്പോഴും നിര്‍ബന്ധമുണ്ട് എന്ന് തെളിഞ്ഞതാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 24ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ലോകത്തിന് നല്‍കിയ സന്ദേശം.

2019ലെ ചരിത്ര പരാജയത്തിന്റെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി പഠിക്കാനോ രാഹുലിന്റെ രാജിയോടെ തല നഷ്ടപ്പെട്ട് പെരുവഴിയില്‍ ഉപേക്ഷിക്കപ്പെട്ട പാര്‍ട്ടിയെ രക്ഷിച്ചെടുക്കാനുള്ള മാര്‍ഗങ്ങള്‍ ആരായാനോ ഇതുവരെ മുന്നോട്ടു വരാത്ത സോണിയയും കുടുംബവും ഉപചാപകസംഘവും മാറ്റത്തെ കുറിച്ച് ഉത്തരവാദപ്പെട്ട നേതാക്കള്‍ ഉരിയാടിയപ്പോഴേക്കും രോഷാകുലരായത് വ്യക്തമായ താക്കീതാണ്.

താന്‍ ഇന്ദിരയുടെ മരുമകളാണെന്ന് അവസരം കിട്ടുമ്പോഴെല്ലാം സോണിയാ ഗാന്ധി അവകാശപ്പെടാറുണ്ട്. ഹൈന്ദവ സാമൂഹിക വ്യവസ്ഥയില്‍ മരുമകളുടെ കോന്തലക്കാണ് തറവാടിന്റെ താക്കോല്‍ സൂക്ഷിക്കാറുള്ളത്. ദേശീയ രാഷ്ട്രീയ ചരിത്രത്തില്‍ സോണിയക്ക് അവരുടേതായ ഒരു ഇടമുണ്ട്. രാജീവ് ഗാന്ധിയുടെ ദാരുണ കൊലയുടെ നടുക്കത്തില്‍ മുതിര്‍ന്ന നേതാക്കള്‍ എത്ര നിര്‍ബന്ധിച്ചിട്ടും നേതൃപദവി ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാകാതിരുന്നത് മക്കളെ വളര്‍ത്തി വലുതാക്കാനുള്ള ഒരു മാതാവിന്റെ നിയോഗം നിറവേറ്റാനാണെന്ന് പിന്നീട് നമുക്ക് മനസ്സിലായി. കോണ്‍ഗ്രസിനെ കുടുംബ വാഴ്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയെടുത്ത്, ജനാധിപത്യ പാര്‍ട്ടിയാക്കാനുള്ള സുവര്‍ണാവസരം അവര്‍ നല്‍കിയിട്ടും, അതുപയോഗപ്പെടുത്താതെ നെഹ്‌റു കുലത്തിലേക്ക് പാര്‍ട്ടിയെ പൊതിഞ്ഞെടുത്ത് വീണ്ടും കൊണ്ടുപോയതിന് ഉത്തരവാദികള്‍ കുറുക്കു വഴിയിലൂടെ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ആനന്ദം കണ്ടെത്തിയ നേതാക്കളാണ്. സ്വാതന്ത്ര്യത്തിനു ശേഷം കോണ്‍ഗ്രസിന് 16 പ്രസിഡന്റുമാര്‍ ഉണ്ടായതില്‍ ആറും നെഹ്‌റു കുലത്തില്‍ നിന്നാണ്. അവസാനമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരിയായിരുന്നു; 1996 സെപ്തംബറില്‍. റാവുവിന്റെ കാലത്ത് പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തിയ സോണിയ 1998ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാന്‍ മുന്നോട്ടു വന്നതോടെ നെഹ്‌റു കുലത്തിന്റെ അടുക്കളയിലും വരാന്തയിലും നടന്നിരുന്ന ഒരു പറ്റം പാദസേവകര്‍, കേസരിയില്‍ നിന്ന് പ്രസിഡന്റ് പദം പിടിച്ചുപറിച്ചുവാങ്ങി സോണിയക്ക് കൈമാറി. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയില്‍ ആര്‍ക്കുവേണ്ടിയും വഴിമാറാന്‍ താന്‍ തയ്യാറല്ല എന്ന് കേസരി തുറന്നടിച്ചെങ്കിലും ഒറ്റപ്പെട്ടു. 1998 മാര്‍ച്ച് 14ന് അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ആരുമുണ്ടായില്ല; താരീഖ് അന്‍വര്‍ ഒഴികെ. നാടകാന്ത്യത്തില്‍ പ്രണാബ് മുഖര്‍ജി വായിച്ചത് കേസരിക്ക് കൃതജ്ഞത രേഖപ്പെടുത്തുന്ന പ്രമേയമാണ്; നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ നയിച്ചതിന്. കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രണാബ് മുഖര്‍ജിക്ക് ഇന്ദിരയുടെ കുടുംബത്തോട് അത്രമാത്രം കടപ്പാടുണ്ടായിരുന്നു. 1980ലെ തിരഞ്ഞെടുപ്പില്‍ ബോല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് 69,0000ത്തോളം വോട്ടിന് ദയനീയമായി പരാജയപ്പെട്ടിട്ടും ഇന്ദിരയും സഞ്ജയ് ഗാന്ധിയും ചേര്‍ന്ന് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് അദ്ദേഹം പോലും നിനച്ചിരിക്കാതെയാണ്. സോണിയയുടെ ആ വരവ് പാര്‍ട്ടിക്ക് പുതിയ ഉത്തേജനം നല്‍കി എന്ന് മാത്രമല്ല, നഷ്ടപ്പെട്ട ഭൂമിക തിരിച്ചുപിടിക്കാനുള്ള ശേഷി പ്രദാനം ചെയ്യുകയുമുണ്ടായി.

1967വരെ, രജ്‌നി കോത്താരി വിശേഷിപ്പിക്കുന്ന “കോണ്‍ഗ്രസ് സിസ്റ്റം” പാര്‍ട്ടിയുടെ നിലനില്‍പ്പും വളര്‍ച്ചയും ഉറപ്പാക്കിയെങ്കില്‍ അതിനു ശേഷം വിവിധ രാഷ്ട്രീയ ശക്തികളുടെ രംഗപ്രവേശത്തോടെ കോണ്‍ഗ്രസിന്റെ ക്ഷയം തുടങ്ങിയിരുന്നു. വിവിധ ജനവിഭാഗങ്ങളെയും താത്പര്യങ്ങളെയും കൂട്ടിയിണക്കി മുന്നോട്ടുപോകാന്‍ ഇന്ദിര ആകര്‍ഷണീയമായ മുദ്രാവാക്യങ്ങളും ചെപ്പടിവിദ്യകളും പുറത്തെടുത്തു. തീവ്ര വലതുപക്ഷത്തിനു പോലും സ്വീകാര്യമായ പദ്ധതികളും പരിപാടികളും നടപ്പാക്കി ആര്‍ എസ് എസിനെ പോലും കോണ്‍ഗ്രസിന്റെ കുടക്കീഴില്‍ കൊണ്ടുവരാന്‍ ഇന്ദിരക്ക് സാധിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം അവര്‍ അധികാരത്തിലേറിയെങ്കിലും ദേശീയ രാഷ്ട്രീയത്തിന്റെ അലകും പിടിയും അപ്പോഴേക്കും മാറിയിരുന്നു. അടിസ്ഥാന വര്‍ഗം- കര്‍ഷകര്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എല്ലാം നെഹ്‌റുവിന്റെ പാര്‍ട്ടിയെ കൈവിട്ട്, പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അപ്പോഴേക്കും. 1984ല്‍ ഇന്ദിരയുടെ വധവും 1991ല്‍ രാജീവ് ഗാന്ധിയുടെ ദാരുണാന്ത്യവുമാണ് കോണ്‍ഗ്രസിന്റെ ശിഥിലീകരണം കൃത്രിമമായെങ്കിലും ഒരു പരിധിവരെ പിടിച്ചുനിര്‍ത്തിയത്. നെഹ്‌റു കുലത്തില്‍ നിന്ന് പുറത്തുള്ള ഒരാള്‍ക്ക് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചത് പി വി നരസിംഹ റാവുവാണ്. സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ അദ്ദേഹം ധൈര്യം കാണിച്ചു. 1973ന് ശേഷം ആദ്യമായിരുന്നു ആ തിരഞ്ഞെടുപ്പ്. നെഹ്‌റു കുടുംബത്തിലെ കുടികിടപ്പുകാരായ അര്‍ജുന്‍ സിംഗ്, എന്‍ ഡി തിവാരി, ശരദ് പവാര്‍, എ കെ ആന്റണി തുടങ്ങിയ തലമുതിര്‍ന്ന നേതാക്കളെ നിലക്കുനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ തിരഞ്ഞെടുപ്പ്. 1992ല്‍ ചേര്‍ന്ന കോണ്‍ഗ്രസ് തിരുപ്പതി സമ്മേളനത്തില്‍ രാഷ്ട്രീയവും സംഘടനാപരവുമായ വിഷയങ്ങള്‍ തുറന്ന വേദിയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ അതൊരു പുതിയ അനുഭവമായി. സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനങ്ങള്‍ ഒരു രാജ്യത്തിന്റെയും ജനതയുടെയും മുന്നോട്ടുള്ള ഗമനത്തിനുള്ള ഇന്ധനവും മാര്‍ഗദര്‍ശനവും ധൈഷണിക പ്രചോദനവും പ്രദാനം ചെയ്തപ്പോഴാണ് ഇന്ത്യ എന്ന ആധുനിക രാഷ്ട്രം പിറവികൊണ്ടത്. അധികാരം കൈയില്‍ വന്നപ്പോള്‍, കോണ്‍ഗ്രസ് മറന്നത് പാര്‍ട്ടിയുടെ ജനാധിപത്യ ഘടനയും മതേതര ദിശാബോധവുമായിരുന്നു. ഞാണിന്മേല്‍ കളിയിലൂടെ അല്ലെങ്കില്‍ കണ്‍കെട്ട് വിദ്യയിലൂടെ ഇന്ദിര മരണം വരെ പിടിച്ചുനിന്നു.

1996ല്‍ അധികാരത്തില്‍ നിന്ന് പുറത്തായ കോണ്‍ഗ്രസ് 2003 ആയപ്പോഴേക്കും വലിയൊരു പാഠം പഠിച്ചു, അതും ബി ജെ പിയില്‍ നിന്ന്. കൂട്ടുകക്ഷി സര്‍ക്കാറിനേ മാറിയ ഇന്ത്യന്‍ ചുറ്റുപാടില്‍ പ്രസക്തിയുള്ളൂവെന്ന്. 1996ല്‍ 13 ദിവസം മാത്രം ഭരിച്ച് പുറത്തായ എ ബി വാജ്പയി സര്‍ക്കാര്‍ 1998ല്‍ അധികാരത്തിലേക്ക് തിരിച്ചുവരുന്നത് മറ്റു പാര്‍ട്ടികളുടെ ചുമലില്‍ താങ്ങിയാണ്. 1999 ആയപ്പോഴേക്കും 24 കക്ഷികളുണ്ടായി ദേശീയ ജനാധിപത്യ സഖ്യത്തില്‍. 2003ല്‍ സോണിയ മുന്‍കൈ എടുത്ത് ഷിംലയുടെ തണുപ്പില്‍ നേതാക്കള്‍ ദിവസങ്ങളോളം കൂടിയിരുന്നപ്പോഴാണ് സഖ്യകക്ഷി സര്‍ക്കാറിന്റെ സാധ്യത തിരിച്ചറിഞ്ഞത്. “തിളങ്ങുന്ന ഇന്ത്യ”യില്‍ നിന്ന് ഹിന്ദുത്വ സര്‍ക്കാറിനെ ആട്ടിപ്പുറത്താക്കാന്‍ 2004ല്‍ സോണിയക്ക് സാധിച്ചത് സി പി എം ദേശീയ ജന. സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തുമായി ചേര്‍ന്ന് നടത്തിയ ആത്മാര്‍ഥമായ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയാണ്. 62 സീറ്റുകള്‍ നേടിയ ഇടതുപക്ഷം യു പി എ സര്‍ക്കാറിന്റെ കരുത്തായിരുന്നു.

ഒന്നാം യു പി എ സര്‍ക്കാര്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം രാജ്യം കണ്ട മികച്ച ഭരണമായിരുന്നു. ആണവ കരാര്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്- ഇടതുബന്ധം അറുത്തുമാറ്റപ്പെട്ടത് ചരിത്രഗതി മാറ്റിയെഴുതി. അപ്പോഴേക്കും സോണിയ മകന്‍ രാഹുലിന്റെ അധികാരാരോഹണത്തിന് തിടുക്കം കാട്ടി. യു പി എ സര്‍ക്കാറിന്റെ അവസാന വര്‍ഷത്തില്‍, 2013ലാണ് രാഹുലിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കെട്ടിത്താഴ്ത്തുന്നത്. 2013 ജനുവരിയില്‍ “രാജ്യവും പാര്‍ട്ടിയും അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നങ്ങളും അവയുടെ പരിഹാരവും” ചര്‍ച്ച ചെയ്യാന്‍ ജയ്പൂരില്‍ ചേര്‍ന്ന “ബ്രെയിന്‍സ്റ്റോമി”ലാണ് രാഹുലിനെ പാര്‍ട്ടി ഉപാധ്യക്ഷനാക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ യു പി എ അധികാരത്തിലേക്ക് തിരിച്ചു കയറിയാല്‍ രാഹുലായിരിക്കും പ്രധാനമന്ത്രി എന്ന സന്ദേശമാണ് ആ തീരുമാനം കൈമാറിയത്. പക്ഷേ, അഴിമതിയില്‍ മുങ്ങിക്കുളിച്ച പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചോ മാറിയ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തില്‍ പുതിയ നയപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനോ ജയ്പൂരില്‍ സമയം കണ്ടെത്തിയില്ല. അതുവരെ സോണിയക്ക് ചുറ്റും കറങ്ങിയ നേതാക്കള്‍ മറ്റൊരു ചെറിയ ഉപഗ്രഹത്തിനു ചുറ്റും സ്തുതിപാഠകരായി കറങ്ങാന്‍ തുടങ്ങുന്ന കാഴ്ചക്ക് രാജ്യം സാക്ഷിയായി. അധികാരത്തിന്റെ ദല്ലാള്‍മാര്‍ വലിയൊരു ജനകീയ പ്രസ്ഥാനത്തെ ഫ്യൂഡല്‍ സമഗ്രാധിപത്യക്രമമാക്കാന്‍ എല്ലാ അധികാരങ്ങളും ചെലവഴിച്ചുവെന്ന് 1985ല്‍ പാര്‍ട്ടിയുടെ നൂറാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് രാജീവ് ഗാന്ധി പറഞ്ഞത് നാം മറന്നിട്ടില്ല. കുറേ അധികാര ദല്ലാളന്മാരെ നെഹ്‌റു കുടുംബത്തിന്റെ തിരുമുറ്റത്ത് വരിവരിയായി നിർത്തിയാണ് രാജീവ് ചരിത്രത്തിലേക്ക് വിലയം പ്രാപിച്ചത്.

രാജീവിന്റെ നല്ല ഗുണങ്ങളില്‍ ഭൂരിഭാഗവും രാഹുലിന് കിട്ടിയിട്ടുണ്ടെന്ന് ആരും അവകാശപ്പെടില്ല. തീര്‍ത്തും അവശയായ സോണിയാ ഗാന്ധി ഇപ്പോഴും പാര്‍ട്ടിയെ തന്റെ ചിറകിന്നടിയില്‍ ചൂടാറാതെ സൂക്ഷിക്കുന്നത് ഈ മകനു വേണ്ടിയാണ്. മകനാകട്ടെ, ഉത്തരവാദിത്വബോധം ഇതുവരെ തെളിയിച്ചിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കേട്ട് ഞെട്ടി, പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധി ശക്തമായ സമ്മര്‍ദങ്ങള്‍ നാനാ ഭാഗത്തു നിന്നുണ്ടായിട്ടും തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ല. രാഹുലിന്റെ രാജി പ്രഖ്യാപനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ പദവികളിലിരിക്കുന്ന 200ലധികം പേരുടെ കൂട്ട സ്ഥാനത്യാഗം കണ്ട് ജനം പൊട്ടിച്ചിരിച്ചു.

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ചില ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്ന് പറഞ്ഞ ഗുലാം നബി ആസാദും കപില്‍ സിബലും ശശി തരൂരും ആനന്ദ് ശര്‍മയുമൊക്കെ എന്തോ വലിയ അപരാധം ചെയ്തുവെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ഇതോടെ 135 വയസ്സ് തികഞ്ഞ പാര്‍ട്ടിയെ അടപടലം ഗ്രസിച്ച മഹാരോഗമെന്തെന്ന് കണ്ടുപിടിക്കാന്‍ എളുപ്പമായി. പാര്‍ട്ടി നെഹ്‌റു കുടുംബത്തിന്റെ സ്വകാര്യ സ്വത്താണെന്ന് സോണിയയും മക്കളും മാത്രമല്ല, എ കെ ആന്റണിയും കെ സി വേണുഗോപാലും അഹ്മദ് പട്ടേലും ഈ ജനുസ്സില്‍പ്പെട്ട നേതാക്കളും ഉറച്ചുവിശ്വസിക്കുന്നു. അതോടെ ഇവരുടെ രാഷ്ട്രീയ ബാധ്യത അവസാനിക്കുന്നുവെന്നതാണ് ഈ കച്ചവടത്തിലെ ലാഭം ഉറപ്പാക്കുന്നത്.

Latest