Connect with us

Fact Check

FACT CHECK: 'ലൗ ജിഹാദിന്റെ അവസാനം ഇങ്ങനെ'; മൃതദേഹത്തെ ഉപയോഗിച്ചും വ്യാജ പ്രചാരണം

Published

|

Last Updated

മൃതദേഹത്തിന്റെയും ദമ്പതികളുടെയും ചിത്രങ്ങള്‍വെച്ച് ലൗ ജിഹാദിന്റെ അവസാനം ഇങ്ങനെ ആയിരിക്കുമെന്ന് വ്യാജ പ്രചാരണം. വിവാഹത്തിന് ശേഷം ഹിന്ദു വനിതയെ മുസ്ലിം ഭര്‍ത്താവ് കൊലപ്പെടുത്തിയെന്നാണ് ആരോപിക്കുന്നത്. ഹിന്ദു പെണ്‍കുട്ടിയുടെ മരണത്തിലാണ് ലൗജിഹാദ് എപ്പോഴും കലാശിക്കുക എന്ന അടിക്കുറിപ്പോടെ ബി ജെ പി ബലൂചിസ്ഥാന്‍ എന്ന ട്വിറ്റര്‍ ഐഡിയാണ് ഇതാദ്യമായി പോസ്റ്റ് ചെയ്തത്.

മൂന്ന് ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചാണ് പോസ്റ്റ് തയ്യാറാക്കിയത്. ആദ്യത്തെതില്‍ പരമ്പരാഗത ഹിന്ദു വേഷത്തിലാണ് വനിതയും ഭർത്താവുമെങ്കില്‍ വിവാഹത്തിന് ശേഷം എന്ന കുറിപ്പുള്ള രണ്ടാം ചിത്രത്തില്‍ പെണ്‍കുട്ടി ഹിജാബ് ധരിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് പോലീസുകാര്‍ കൂടിനില്‍ക്കുന്ന നിലയിലുള്ള മൃതദേഹത്തിന്റെ ഫോട്ടോയും ചേര്‍ത്തുവെച്ചത്.

എന്നാല്‍, ദമ്പതികള്‍ ഇപ്പോഴും ഡെറാഡൂണില്‍ ജീവിക്കുന്നുണ്ട്. മൃതദേഹത്തിന്റെ ഫോട്ടോയാകട്ടെ ഉത്തര്‍ പ്രദേശില്‍ നിന്നാണ്. അവിടെ സ്യൂട്ട്കേസില്‍ കണ്ട മൃതദേഹം പരിശോധിക്കുന്ന പോലീസുകാരുടെതാണ് ഫോട്ടോ. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഗൊരഖ്പൂര്‍ ചൗകില്‍ താമസിക്കുന്ന സുരഭി ചൗഹാന്റെയും ഇഹ്കം ഫരീദിന്റെയും ഫോട്ടോയാണ് ഇങ്ങനെ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. കഴിഞ്ഞ ജൂലൈ 28ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. വ്യാജ പ്രചാരണത്തിനെതിരെ പോലീസിനെ സമീപിച്ചതായി സുരഭി ചൗഹാന്‍ പറഞ്ഞു.

മൃതദേഹത്തിന്റെ ഫോട്ടോ യു പിയിലെ ഗാസിയാബാദില്‍ നിന്നാണ്. ജൂലൈ 27ന് ടൈംസ് ഓഫ് ഇന്ത്യ ഓണ്‍ലൈനില്‍ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്തയും ഫോട്ടോയും പ്രസിദ്ധീകരിച്ചിരുന്നു.

ബി ജെ പി ബലൂചിസ്ഥാന്‍ എന്ന ഐ ഡി പോസ്റ്റ് ചെയ്ത വ്യാജ പ്രചാരണം ഇപ്പോഴും പലരും ഷെയര്‍ ചെയ്യുന്നുണ്ട്.

Latest