അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപന നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

Posted on: September 2, 2020 8:09 am | Last updated: September 2, 2020 at 12:02 pm

ന്യൂഡല്‍ഹി | അതിര്‍ത്തിയില്‍ ഒരിടവേളക്ക് ശേഷം സംഘര്‍ഷത്തിന് ചൈന ശ്രമിക്കുന്നതായി ഇന്ത്യയുടെ കുറ്റപ്പെടുത്തല്‍. ഇതുവരെയുള്ള ധാരണക്ക് വിരുദ്ധമായി ചൈന പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രലായം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. ലഡാക്കിലെ പാംഗോങ് തടാകമുള്‍പ്പെടെ നാലിടങ്ങളില്‍ ചൈനീസ് സൈന്യം പ്രകോപനം തുടരുന്നുവെന്നാണ് കേന്ദ്രം പറയുന്നത്. നിലവിലെ അവസ്ഥ മാറ്റിമറിക്കാന്‍ ചൈനയുടെ ഭാഗത്തുനിന്ന് വീണ്ടും ശ്രമമുണ്ടായെന്നും അത് ഇന്ത്യ പരാജയപ്പെടുത്തിയെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ലഡാക്കിലെ ഇന്ത്യാ-ചൈന നിയന്ത്രണ രേഖയിലെ ചുമാര്‍ സെക്ടറിലാണ് ചൈനയുടെ പ്രകോപനമുണ്ടായത്. വിഷയത്തെ ഇന്ത്യന്‍ സൈന്യം ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ചൈനീസ് കടന്നുകയറ്റം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങളും ആയുധങ്ങളും കൂടുതല്‍ സൈന്യത്തെയും ഇവിടേക്ക് എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചൈനയുടെ ഏത് കടന്നുകയറ്റ ശ്രമത്തെയും ശക്തമായി പ്രതിരോധിക്കാന്‍ വിദേശകാര്യ മന്ത്രാലയം സൈന്യത്തിന് നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച്ച വൈകിട്ട് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പങ്കെടുത്തു. സേനമേധാവികള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ചൈനീസ് അതൃപതി അവഗണിച്ച് അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യ സേന വിന്യാസം ശക്തമാക്കിയിട്ടുണ്ട്.