മദ്യപ സംഘത്തിന്റെ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് ഗുരുതര പരുക്ക്

Posted on: September 1, 2020 9:01 pm | Last updated: September 1, 2020 at 9:01 pm

തൊടുപുഴ | മദ്യ ലഹരിയിലായിരുന്ന കാര്‍ യാത്രികരുടെ ക്രൂരമര്‍ദനത്തില്‍ മാധ്യമ പ്രവര്‍ത്തകന് ഗുരുതര
പരുക്ക്. ജനയുഗം ഇടുക്കി ജില്ലാ ലേഖകന്‍ കരിമണ്ണൂര്‍ വട്ടക്കുടിയില്‍ ജോമോന്‍ വി സേവ്യറിനാണ് തലക്ക് പരുക്കേറ്റത്. ജോമോനെ മുതലക്കോടത്തെ സ്വകാര്യാശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെ ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി കരിമണ്ണൂര്‍ മാണിക്കുന്നേല്‍ പീടികക്ക് സമീപം വച്ചാണ് ജോമോന് നേരെ ആക്രമണമുണ്ടായത്.

ഓവര്‍ടേക്ക് ചെയ്തത് സംബന്ധിച്ച് ഇരു വാഹനങ്ങളിലെയും യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അതുവഴി വന്ന ജോമോന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ കാറിലുണ്ടായിരുന്നവര്‍ ജോമോനെ ആക്രമിക്കുകയായിരുന്നു. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ജോമോന്റെ തലയ്ക്കും മുഖത്തിനും സാരമായി പരുക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ട് ശാസ്താംപാറ സ്വദേശികളായ രണ്ട് പേര്‍ക്കെതിരെ കരിമണ്ണൂര്‍ പോലീസ് കേസെടുത്തു.

സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ഇടുക്കി ജില്ലാ ഘടകം പ്രതിഷേധിച്ചു. ജോമോനെ അകാരണമായി മര്‍ദിച്ച ക്രിമിനല്‍ സംഘത്തെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ജില്ലാ പ്രസിഡന്റ് എം എന്‍ സുരേഷും സെക്രട്ടറി വിനോദ് കണ്ണോളിയും ആവശ്യപ്പെട്ടു.