മൊറട്ടോറിയം രണ്ടു വര്‍ഷം വരെ നീട്ടാനാകും; എന്നാല്‍, രണ്ടു ദിവസം കൊണ്ട് തീരുമാനിക്കാനാകില്ല: കേന്ദ്രം

Posted on: September 1, 2020 3:24 pm | Last updated: September 1, 2020 at 3:24 pm

ന്യൂഡല്‍ഹി | ബേങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം വേണമെങ്കില്‍ രണ്ട് വര്‍ഷം വരെ നീട്ടാന്‍ സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍, രണ്ട് ദിവസം കൊണ്ട് ഇത് തീരുമാനിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബേങ്കുകളും ആര്‍ ബി ഐയും ചര്‍ച്ച നടത്തി തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കൂടുതല്‍ വാദങ്ങള്‍ക്കായി കേസ് നാളത്തേക്കു മാറ്റി.

ലോക്ക് ഡൗണ്‍ കാലത്ത് ബേങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വായ്പാ തുകയുടെ പലിശയും പലിശയുടെ പലിശയും ബേങ്കുകള്‍ ഈടാക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. മൊറട്ടോറിയം നീട്ടുന്നതിനൊപ്പം മൊറട്ടോറിയം കാലത്തെ പലിശയില്‍ ഇളവ് നല്‍കണം എന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. ലോക്ക് ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.