വെഞ്ഞാറമൂട് ഇരട്ടക്കൊല; നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: September 1, 2020 8:30 am | Last updated: September 1, 2020 at 12:38 pm

തിരുവനന്തപുരം | വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷിജിത്, നജീബ്, സതി, അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക ഗൂഢാലോചനയില്‍ പങ്കെടുക്കുകയും കൊലക്ക് ശേഷം പ്രതികളെ രക്ഷപ്പെടുത്താന്‍ ഇവര്‍ സഹായിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മുഖ്യപ്രതികളായ സനലിന്റേയും സജീവിന്റേയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവര്‍ക്കൊപ്പം കുറ്റകത്യത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി സനലിനേയും സജീവിനേയും ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം.

ഇതിനിടെ കൊലപാതകം അന്വേഷിക്കാന്‍ ആറ്റിങ്ങള്‍ ഡി വൈ എസ് പി എസ് വൈ സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വിവിധ ഷാഡോ സംഘങ്ങളും സംഘത്തിലുണ്ടാകും.

കൊല്ലപ്പെട്ട ഹഖ് മുഹമ്മദിന്റേയും മിഥിലാജിന്റേയും ശരീരത്തില്‍ നിരവധി മുറിവുകളുള്ളതായായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. നെഞ്ചിനേറ്റ ആഴത്തിലുള്ള കുത്താണ് ഇരുവരുടേയും മരണത്തിന് കാരണം. മുഖത്തും തലയിലും നിരവധി മുറിവുകളാണ് ഇരുവരുടേയും ശരീരത്തിലുള്ളതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.