Connect with us

National

ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ച ആദ്യ മുന്‍ രാഷ്ട്രപതി

Published

|

Last Updated

രാഷ്ട്രപതി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ ശേഷം നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മതേതരവാദികളെ മുറിപ്പെടുത്തിയെന്ന സമീപകാല ചരിത്രം കൂടിയുണ്ട് പ്രണാബ് മുഖര്‍ജിക്ക്. ആര്‍ എസ് എസ് സ്ഥാപകന്‍ കെ ബി ഹെഡ്ഗെവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രന്‍ എന്നായിരുന്നു പ്രണാബ് വിശേഷിപ്പിച്ചത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് എക്കാലത്തും വാദിച്ച, മുസ്ലിംകള്‍ വിനാശകാരികളായ പാമ്പുകളാണെന്ന് വിശേഷിപ്പിച്ച ഹെഡ്ഗേവാറിനെയാണ് പ്രണാബ് അപദാനങ്ങള്‍ കൊണ്ട് മൂടിയിരുന്നത്. പിതാവിന്റെ നാഗ്പൂര്‍ സന്ദര്‍ശനത്തിരെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി കടുത്ത വിമര്‍ശവുമായി രംഗത്തുവന്നിരുന്നു.

2018 ജൂണിലായിരുന്നു പ്രണാബ് നാഗ്പൂരിലെത്തിയത്. ഹെഡ്ഗേവാറിന്റെ ജന്മസ്ഥലമായ വീടിന്റെ ബാല്‍ക്കണിയില്‍ ആര്‍ എസ് എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭഗവതിനോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ഹെഡ്ഗേവാറിന്റെ പ്രതിമയില്‍ പുഷ്പമാല ചാര്‍ത്തുകയും ചെയ്ത് ആര്‍ എസ് എസിനെയും ഹെഡ്ഗേവാറിനെയും ബഹുജനമധ്യത്തില്‍ വെള്ളപൂശുകയായിരുന്നു പ്രണാബ്. മാത്രമല്ല, ഒരു പടികൂടി കടന്ന് സന്ദര്‍ശക പുസ്തകത്തില്‍ പ്രണാബ് ഇങ്ങനെയെഴുതി: “ഇന്ത്യയുടെ മഹാനായ പുത്രന് ആദരവ് അര്‍പ്പിക്കാനാണ് ഞാനിവിടെ എത്തിയത്.” സമൂഹത്തില്‍ വേര്‍തിരിവിന്റെയും വംശീയതയുടെയും വര്‍ഗീയതയുടെയും വിഷവിത്തുക്കള്‍ പാകിയ അതിന് വേണ്ടി അഹോരാത്രം യത്നിക്കുന്ന, ഗാന്ധിവധത്തില്‍ പോലും പ്രതിസ്ഥാനത്തുള്ള ഒരു സംഘടനയെയും അതിന്റെ നേതാവിനെയുമാണ് പ്രണാബ് ഇങ്ങനെ വിശേഷിപ്പിച്ചത് എന്നത് ഏറെ ഞെട്ടിപ്പിക്കുന്നതും ആര്‍ എസ് എസിന്റെ പ്രചാരവേലകള്‍ക്ക് ധാര്‍മികപിന്തുണ നല്‍കുന്നതും ആയിരുന്നു.

അതേസമയം, പറയാനുള്ളത് പറയുമെന്നായിരുന്നു നാഗ്പൂര്‍ സന്ദര്‍ശനത്തോടുള്ള പ്രണാബിന്റെ പ്രതികരണം. ആര്‍ എസ് എസ് പരിപാടിയില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നടിച്ചുപറയുമെന്നും പ്രണാബ് വ്യക്തമാക്കിയിരുന്നു.

ബഹുജനമധ്യത്തില്‍ ആര്‍ എസ് എസിന് ഏറെ വേരോട്ടം ഉണ്ടാക്കാന്‍ പ്രണാബിന്റെ ഈ സന്ദര്‍ശനത്തിലൂടെ സാധിച്ചു. തങ്ങളുടെ പോരാട്ടത്തിലൂടെ ഇന്ത്യയെന്ന ആശയം രൂപപ്പെടുത്തിയ ഗാന്ധിജി, നെഹ്റു, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, രാജഗോപാലാചാരി, അബുല്‍കലാം ആസാം, സരോജിനി നായിഡു തുടങ്ങിയവരുടെ ചിന്താഗതികളെ എതിര്‍ക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇന്ത്യയുടെ മതേതരത്വമുഖത്തെ പിച്ചിച്ചീന്താന്‍ ശ്രമിച്ച ആര്‍ എസ് എസിനെ അദ്ദേഹം പ്രശംസിച്ചു. ആര്‍ എസ് എസിന്റെ പതാക ഉയര്‍ത്തുന്നത് അറ്റന്‍ഷനായി നിന്ന് കണ്ടതും ദണ്ഡ പിടിച്ചുള്ള പ്രവര്‍ത്തകരുടെ പരേഡ് വീക്ഷിച്ചതുമെല്ലാം നല്‍കുന്ന സന്ദേശം അത്തരത്തിലുള്ളതായിരുന്നു.

ആര്‍ എസ് എസിനേയോ നേതാക്കളായ ഹെഡ്ഗേവാറിനെയോ ഗോള്‍വാക്കറെയോ പരോക്ഷമായി വിമര്‍ശിക്കുക പോലും പ്രണാബ് അന്നത്തെ പ്രസംഗത്തില്‍ ചെയ്തില്ല. മുസ്ലിംകള്‍ക്കെതിരായ ആക്രമണം അഴിച്ചുവിട്ട ഘട്ടത്തില്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ആര്‍ എസ് എസ് വിശ്വസിക്കുന്നില്ല എന്ന് ഗോള്‍വാക്കറെ കൊണ്ട് പറയിപ്പിച്ച ഗാന്ധിജിയുടെ പാരമ്പര്യമായിരുന്നില്ല 2018 ജൂണില്‍ നാഗ്പൂര്‍ സന്ദര്‍ശനത്തില്‍ പ്രണാബ് ഉയര്‍ത്തിപ്പിടിച്ചത്. ഗോള്‍വാക്കറിനെ തള്ളിപ്പറഞ്ഞ പട്ടേലിന്റെ ഓര്‍മകളായിരുന്നില്ല അന്ന് പ്രണാബിനെ നയിച്ചത്. മറിച്ച് നയതന്ത്രത്തില്‍ ചാലിച്ച വാക്കുകളും പ്രയോഗങ്ങളും കൊണ്ട് ആര്‍ എസ് എസിന് പൊതുസമ്മിതിയുണ്ടാക്കിക്കൊടുക്കുന്ന അത്തരമൊരു ബോധനിര്‍മിതിക്ക് സംഭാവന ചെയ്യുകയായിരുന്നു പ്രണാബിന്റെ നാഗ്പൂര്‍ സന്ദര്‍ശനവും ഹെഡ്ഗേവാര്‍ അപദാനങ്ങളും.

Latest