Kerala
കരിപ്പൂര്‍ വിമാനാപകടം; ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി ആശുപത്രി വിട്ടു

പെരിന്തല്‍മണ്ണ | കരിപ്പൂരിലെ വിമാനാപകടത്തില്‍ സാരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മിന്‍ഹ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. മഞ്ചേരി പത്തപ്പിരിയം വടക്കന്‍വീട്ടില്‍ ഷമീറിന്റെ മകളായ മിന്‍ഹയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മാതാവിന്റെയും സഹോദരങ്ങളുടെയും കൂടെ മിന്‍ഹ നാട്ടിലേക്ക് വന്നത്. പിതാവ് ഗള്‍ഫിലായിരുന്നതിനാല്‍ കുടുംബവും അവിടെയായിരുന്നു.
വിമാനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് തലക്ക് ഗുരുതരമായി പരുക്കേറ്റ മിന്‍ഹ അബോധാവസ്ഥയിലായിരുന്നു. തലക്കും വയറിനുമുള്ളില്‍ രക്തസ്രാവവും നട്ടെല്ലിന് പൊട്ടലും ശ്വാസകോശങ്ങള്‍ക്ക് ചതവുമുണ്ടായിരുന്നു. ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.