Connect with us

Articles

നീതിയുടെ സുഗന്ധമുയരുന്ന ഇടം

Published

|

Last Updated

രാജ്യത്തിന് മേല്‍ പതിഞ്ഞ ചോരക്കറ കുറ്റമറ്റ വിചാരണ കൊണ്ട് കഴുകിക്കളഞ്ഞ് അവിടെ നീതിയുടെ സുഗന്ധം പുരട്ടിയിരിക്കുന്നു ന്യൂസിലാന്‍ഡ്. ഇസ്‌ലാമോഫോബിയയുടെ എതിര്‍ദിശയിലേക്ക് അതിവേഗം സഞ്ചരിച്ച്, ലോകമേ ഇതാണ് പുതിയ കാലത്തെ ക്രൗര്യങ്ങള്‍ക്ക് പരിഹാരമെന്ന് വിളിച്ചുപറഞ്ഞ ഈ രാജ്യം അതിന്റെ പ്രധാനമന്ത്രി ജസീന്താ ആര്‍ഡേണിനെ ശുഭാപ്തി വിശ്വാസത്തിന്റെയും രാഷ്ട്രീയ ശരിയുടെയും പ്രതീകമാക്കിയത് ഉറച്ച നിലപാടുകളിലൂടെയാണ്. പി ആര്‍ വിദഗ്ധര്‍ പറഞ്ഞുതരുന്ന വസ്ത്രം അണിഞ്ഞും ഗംഭീര ചിത്രങ്ങള്‍ ഇടക്കിടക്ക് സാമൂഹിക മാധ്യങ്ങളില്‍ പങ്കുവെച്ചും വാചാലതകൊണ്ട് മയക്കിയും ഉണ്ടാക്കുന്ന വ്യാജ പ്രതിച്ഛായ അല്ല അത്. ലോകം തീവ്രവലതുപക്ഷ യുക്തികളിലേക്ക് മുഖമടച്ച് വീഴുകയും മുസ്‌ലിം- കുടിയേറ്റ വിരുദ്ധതയെ സുരക്ഷിത രാഷ്ട്രീയമായി കൊണ്ടാടപ്പെടുകയും ചെയ്യുമ്പോള്‍ ഒഴുക്കിനെതിരെ നീന്തുകയായിരുന്നു ജസീന്ത. ലോകത്തിന്റെ യഥാര്‍ഥ ഭീഷണിയായ വൈറ്റ് ടെററിസ്റ്റുകളെ ഒറ്റപ്പെടുത്തി അവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. ഇരകളെ ചേര്‍ത്ത് പിടിച്ച് സത്യസന്ധത പുറത്തെത്തിക്കണം. ഇതാ ന്യൂസിലാന്‍ഡില്‍ മാതൃകയുണ്ടെന്ന് ലോകം കാണണം. ഈ നിലപാടിന്റെ തുടര്‍ച്ചയാണ് കോടതിയില്‍ നിന്നുണ്ടായ വിധി.

കോടതികള്‍ മണ്ണില്‍ നാട്ടിയ കാലുകളിലാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. ആ മണ്ണില്‍ ഏത് വിത്താണോ വിളയുക അതേ കോടതിയിലും തളിര്‍ക്കൂ. തുര്‍ക്കിയിലെ ആരാധാനാലയങ്ങള്‍ മ്യൂസിയത്തില്‍ നിന്ന് മോചിതമാകുന്നതും ഇന്ത്യയില്‍ ഒരു കൂട്ടരുടെ ആരാധാനാലയ ഭൂമി മറ്റൊരു കൂട്ടര്‍ക്ക് തരിമ്പ് വസ്തുതയുടെ പോലും പിന്‍ബലമില്ലാതെ പതിച്ചുനല്‍കുന്നതും അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ കൊന്നുതള്ളിയ പോലീസുകാരന് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതും മണ്ണിന്റെ മാറ്റം കൊണ്ടാണ്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് പട്ടണത്തിലെ മുസ്‌ലിം പള്ളികളില്‍ കൂട്ടക്കുരുതി നടത്തിയ ബ്രെന്‍ടണ്‍ ടാരന്റിന് പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കായി കണ്ണീര്‍ വാര്‍ക്കുന്ന മനുഷ്യരുള്ള ന്യൂസിലാന്‍ഡിലെ കോടതിക്ക് ഇങ്ങനെയേ വിധിക്കാനാകൂ. ജീവിതകാലം മുഴുവന്‍ ജയിലില്‍. രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത ശിക്ഷ. സ്ത്രീകളും കുട്ടികളുമടക്കം 51 പേരെയാണ് അവന്‍ വെടിവെച്ച് കൊന്നത്. വിചാരണയുടെ ഒരു ഘട്ടത്തിലും മനസ്താപം പ്രകടിപ്പിച്ചില്ല. അവസാന വിചാരണ നാളുകളില്‍ ഇരകളുടെ ബന്ധുക്കളെ കോടതിയിലെത്തിച്ചിരുന്നു. അവര്‍ ഹൃദയം നുറുങ്ങി കരയുമ്പോഴും അവന്‍ ഉലഞ്ഞില്ല. ഈ ലോകത്തെ പരമാവധി ശിക്ഷയാണ് താങ്കള്‍ക്ക് ലഭിച്ചത്; മരണ ശേഷം യഥാര്‍ഥ ശിക്ഷ തന്നെ കാത്തിരിക്കുന്നുണ്ട്- ആക്രമണത്തില്‍ ചിതറിത്തകര്‍ന്നു പോയ ഒരു കുഞ്ഞിന്റെ ഉമ്മ ടാരന്റിനെ ചൂണ്ടി പറഞ്ഞു. ചിലര്‍ ഖുര്‍ആന്‍ വചനങ്ങള്‍ ഉരുവിട്ട് ഞങ്ങളിതാ മാപ്പ് നല്‍കുന്നുവെന്ന് പറഞ്ഞപ്പോഴും പ്രതിയുടെ ഭാവത്തിന് മാറ്റമുണ്ടായിരുന്നില്ല. ഇരകളുടെ ഉറ്റവര്‍ ഓരോരുത്തര്‍ക്കും സംസാരിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. വ്യവഹാരങ്ങളുടെ വരണ്ട ഭാഷയില്‍ നിന്ന് കോടതി മുറി മനുഷ്യന്റെ വേദനയുടെയുടെയും നഷ്ടത്തിന്റെയും ഭയത്തിന്റെയും ജൈവിക ഭാഷയിലേക്ക് ഉണരുകയായിരുന്നു.

പ്രതി എല്ലാ കുറ്റവുമേറ്റു. മുസ്‌ലിംകളെ കൊന്ന് ഭീതി വിതക്കുകയെന്ന ദൗത്യം തന്നെയാണ് നടപ്പാക്കിയത്. “നിങ്ങളുടെ പ്രവൃത്തികള്‍ അതിനിഷ്ഠൂരമായിരുന്നു. അതിന് ജീവപര്യന്തം തടവെന്നത് മതിയായ ശിക്ഷയല്ല. പിതാവിന്റെ കാലില്‍ മുറുകെപ്പിടിച്ചു നിന്ന മൂന്ന് വയസ്സുകാരനെ വരെ നിങ്ങള്‍ കൊന്നു” എന്നാണ് വിധി പുറപ്പെടുവിച്ച ജഡ്ജി കാമറൂണ്‍ മാന്‍ഡര്‍ പറഞ്ഞത്. “ആ തീവ്രവാദിയില്‍ നിന്ന് ഈ രാജ്യം ഒന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല, ആ പേര് ഞങ്ങള്‍ ഉച്ചരിക്കില്ല” എന്നാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ വിധിയറിഞ്ഞ് പ്രതികരിച്ചത്.
2019 മാര്‍ച്ച് 15നാണ് ന്യൂസീലാന്‍ഡിലെ രണ്ട് പള്ളികളില്‍ ടാറന്റ് വെടിവെപ്പ് നടത്തിയത്. ക്രൈസ്റ്റ്ചര്‍ച്ചിലെയും ലിന്‍വുഡിലെയും പള്ളികളില്‍ ജുമുഅ നിസ്‌കാരത്തിനിടെയാണ് ആക്രമണം നടന്നത്. വെടിവെപ്പ് നടന്ന പള്ളികള്‍ തമ്മില്‍ ആറ് കിലോമീറ്റര്‍ മാത്രമേ അകലമുള്ളൂ. ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയില്‍ പ്രാദേശിക സമയം ഉച്ചക്ക് 1.40ഓടെയാണ് ആദ്യ വെടിവെപ്പുണ്ടായത്. ഈ സമയം ഇവിടെ 400ഓളം പേര്‍ നിസ്‌കരിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് ലിന്‍വുഡിലെ ഇസ്‌ലാമിക് സെന്ററില്‍ വെടിവെപ്പുണ്ടായത്. ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറ വഴി കൂട്ടക്കുരുതി ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. ഒന്നും ഒളിച്ചുവെക്കാതെ ലോകത്തിന് മരണത്തിന്റെ ദൃശ്യങ്ങള്‍ തത്സമയം നല്‍കി ഒരാള്‍ കൊല്ലാനിറങ്ങിയെങ്കില്‍ ഈ കാഴ്ച കണ്ട് നിർവൃതികൊള്ളാന്‍ ലക്ഷങ്ങള്‍ കാത്തിരിക്കുന്നുവെന്നാണ് അര്‍ഥം. അപ്പോൾ മാനവരാശിക്കെതിരായ കുറ്റമാണ് ന്യൂസിലാന്‍ഡില്‍ നടന്നത്. മാനവ രാശിയെ മുച്ചൂടും മുടിക്കാനുള്ള കാളകൂട വിഷം ആവാഹിച്ച “വെളുപ്പ് ഭീകരത”യുടെ മസ്തകം തകര്‍ക്കാനാണ് ന്യൂസിലാന്‍ഡ് നീതിന്യായവിഭാഗവും പോലീസ് സംവിധാനവും ശ്രമിച്ചത്.
എന്തിന് മുസ്‌ലിംകളെ കൊല്ലുന്നു? ആരാണ് മാതൃക? എന്താണ് പ്രത്യയ ശാസ്ത്രം? എല്ലാം വിശദമാക്കുന്ന മാനിഫെസ്റ്റോ പുറത്തിറക്കിയാണ് കൊലയാളി യന്ത്രത്തോക്കുമായി ഇറങ്ങിയത്. ഞാന്‍ യൂറോപ്യനാണ്; എന്റെ രാഷ്ട്രീയ തത്വം യൂറോപ്യനാണ്; എന്റെ രക്തവും യൂേറാപ്യനാണ്- 74 പേജ് വരുന്ന മാനിഫെസ്റ്റോയില്‍ പ്രഖ്യാപിക്കുന്നു. സാധാരണഗതിയില്‍ ഇത്തരം വെടിവെപ്പുകള്‍ ഒറ്റപ്പെട്ട സംഭവമായോ വട്ടായോ ചിത്രീകരിക്കുകയാണ് മുസ്‌ലിം ഭീകരത ചികയുന്ന മാധ്യമങ്ങള്‍ ചെയ്യാറ്. ലോകത്തിന്റെ സ്വാസ്ഥ്യം കെടുത്താന്‍ ശേഷിയുള്ള നവനാസി, വൈറ്റ് സൂപ്രമാസിസ്റ്റ് (വെള്ളക്കാരുടെ അധീശത്വം) ഭീകരതയായി ആരും ഇത്തരം കൂട്ടക്കൊലകളെ കാണാറില്ല. എന്നാല്‍, കൊലയാളിയുടെ മാനിഫെസ്റ്റോ വളച്ചൊടിക്കലുകള്‍ക്കെല്ലാം മീതേ സത്യം വിളിച്ചുപറഞ്ഞു. ആസ്‌ത്രേലിയക്കാരനാണ്. മുസ്‌ലിംകളെയും കുടിയേറ്റക്കാരെയും കൊന്നു തീര്‍ക്കുകയാണ് പ്രഖ്യാപിത ലക്ഷ്യം. പുതിയ ലോകം പടുത്തുയര്‍ത്താന്‍ കറുത്തവരെയും മുസ്‌ലിംകളെയും നരകത്തിലേക്ക് അയക്കണം. ലോകത്തെ ഒരിടവും സുരക്ഷിതമല്ലെന്ന “ഭീകര സത്യം” ഊട്ടിയുറപ്പിക്കണം. കൊല്ലാന്‍ നല്ലത് മുസ്‌ലിംകളെയാണ്. അവരുടെ തൊലി തവിട്ടായതിനാല്‍ വര്‍ണവെറിയും മതവിദ്വേഷവും സംതൃപ്തമാകും. ട്രംപാണ് മാതൃകാ പുരുഷന്‍. വൈറ്റ് ഐഡന്റിറ്റിയുടെ പുതിയ പ്രതീകമായാണ് ട്രംപിനെ ടാറന്റ് വാഴ്ത്തുന്നത്. ഹിന്ദുത്വവാദികളും ഫ്രാന്‍സിനെ മുസ്‌ലിം മുക്തമാക്കണമെന്ന് വാദിക്കുന്ന മാരിനേ ലീ പെന്നും ബ്രക്‌സിറ്റ് വാദികളും ഒരുപോലെ ട്രംപിന്റെ ആരാധകരാണല്ലോ.

യൂറോപ്യന്‍ ഉത്കൃഷ്ടതാ വാദത്തില്‍ അഭിരമിക്കുന്നയാളാണ് ടാറന്റ്. അയാളുടെ ശരീരഭാഷ മുതല്‍ കൂട്ടക്കൊലക്ക് പുറപ്പെട്ട കാറില്‍ പ്ലേ ചെയ്ത മാര്‍ച്ചിംഗ് സോംഗ് വരെ ഇത് വിളിച്ചുപറയുന്നു. ബോസ്‌നിയന്‍ കൂട്ടക്കൊലയില്‍ സെര്‍ബിയന്‍ അര്‍ധ സൈനികർ ഉപയോഗിച്ച, റഡോവന്‍ കരാജിച്ചിനെ പുകഴ്ത്തുന്ന ഗാനത്തിനാണ് ആ നരാധമന്‍ താളമിട്ടത്.

2011ലെ നോര്‍വേ കൂട്ടക്കുരുതിയുടെ സൂത്രധാരന്‍ ആന്‍ഡേഴ്‌സ് ബെഹ്‌റിംഗ് ബ്രീവിക്കിന്റെ അനുഗ്രഹം വാങ്ങിയാണ് ടാറന്റ് ന്യൂസിലാന്‍ഡിലെത്തിയത്. തീവ്രവാദം തടയാന്‍ പള്ളികള്‍ അടച്ചുപൂട്ടുകയും കുടിയേറ്റക്കാരുടെയും ആഫ്രിക്കക്കാരുടെയും കൂരകളില്‍ റെയ്ഡ് നടത്തുകയും ചെയ്യുന്ന യൂറോ- അമേരിക്കന്‍ ഭരണാധികാരികള്‍ സ്വന്തം മേശക്കടിയിലൊന്ന് തിരയണം. അവിടെ കാണും ടാറന്റുമാരും ബ്രീവിക്കുമാരും. ജര്‍മനിയില്‍ നവ നാസി പാര്‍ട്ടികള്‍ അതിവേഗം വളരുകയാണ്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും മുഖ്യധാരാ പാര്‍ട്ടികളെ വെല്ലുവിളിച്ച് നവനാസി ഗ്രൂപ്പുകള്‍ വേരാഴ്ത്തുകയാണ്.
ഈ ആഗോള പൊതുബോധത്തെ നേര്‍ക്കുനേര്‍ വെല്ലുവിളിച്ചാണ് ദ്വീപ് രാഷ്ട്രം പ്രതിരോധക്കോട്ട കെട്ടിയത്. പ്രധാനമന്ത്രി ജസീന്താ ഹിജാബണിഞ്ഞ് മുസ്‌ലിംകള്‍ക്കിടയിലെത്തി. പാര്‍ലിമെന്റില്‍ “ഇന്നല്ലാഹ മഅസ്സ്വാബിരീന്‍…” മുഴങ്ങി. ഇപ്പോള്‍ അക്രമിക്ക് ഏറ്റവും കടുത്ത ശിക്ഷ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് കോടതിയും മാതൃകയായി. ഇതേസമയം, ഇന്ത്യയില്‍ വംശഹത്യാ കേസിലെ പ്രതികള്‍ക്ക് ജാമ്യം നൽകുകയാണ്. മധ്യപ്രദേശിലേക്ക് മാറിത്താമസിച്ച് സാമൂഹിക- ആത്മീയ സേവനങ്ങളില്‍ ഏര്‍പ്പെടണമെന്ന വ്യവസ്ഥയോടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഗുജറാത്ത് വംശഹത്യാ കേസിലെ പ്രതികള്‍ക്ക് ജാമ്യം നൽകിയത്. എന്തൊരു കാരുണ്യം! 2002 ഫെബ്രുവരി 28ന് മെഹ്‌സാന ജില്ലയിലെ 33 മുസ്‌ലിംകളെ നിഷ്ഠൂരമായി കൂട്ടക്കൊല ചെയ്തവരാണിവര്‍. ഇങ്ങനെ ദയാനിധികളായ കോടതികളുള്ള ഇന്ത്യയില്‍ തന്നെയാണ് മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന കസ്റ്റഡി മരണത്തിന് ജീവപര്യന്തം തടവ് ശിക്ഷിക്കപ്പെട്ട് ഗുജറാത്ത് മുന്‍ ഐ പി എസുകാരൻ സഞ്ജീവ് ഭട്ട് ജയിലില്‍ കഴിയുന്നത്. താന്‍ ചെയ്ത കുറ്റമെന്തെന്നറിയാതെ മഅ്ദനി പതിറ്റാണ്ടുകളായി വിചാരണാ തടവ് അനുഭവിക്കുകയാണ്.

തുടക്കത്തില്‍ പറഞ്ഞല്ലോ. കോടതികള്‍ മാത്രം മാറുകയല്ല ചെയ്യുന്നത്. സമൂഹത്തിന്റെ തുടര്‍ച്ചയാണ് കോടതികളും. നീതിവ്യവസ്ഥയുടെ മുന്‍ഗണനകള്‍ മാറ്റണമെങ്കില്‍ സാമൂഹത്തിന്റെ പൊതുബോധത്തില്‍ മാറ്റം വരണം. പ്രജ്ഞാ സിംഗ് ഠാക്കൂറിന് എം പിയാകാവുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യം നിലനില്‍ക്കുമ്പോള്‍ എന്ത് പ്രതീക്ഷയാണ് പങ്കുവെക്കാനാകുക.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്