Connect with us

Editorial

സ്വര്‍ണക്കടത്ത് കേസിന് പുതിയ മാനം

Published

|

Last Updated

അന്വേഷണം പുരോഗമിക്കുന്നതിനിടെ സ്വര്‍ണക്കടത്ത് കേസ് ഗതിമാറി നീങ്ങുകയാണ്. തുടക്കത്തില്‍ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള ബന്ധം പുറത്തുവന്നതോടെ ചിലര്‍ ഇത് മുഖ്യമന്ത്രിയെയും കേരള സര്‍ക്കാറിനെയും അടിക്കാനുള്ള വടിയായി ഉപയോഗിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തുകയും നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുകയും ചെയ്യവെ ബി ജെ പിയും യു ഡി എഫും സംഭവത്തെ വജ്രായുധമായി കണ്ടു. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളുമായി ബി ജെ പി ദേശീയ നേതാക്കള്‍ വരെ രംഗത്തെത്തി. കേരള സര്‍ക്കാറിന്റെ ഇടപാടുകള്‍ സുതാര്യമല്ലെന്നാണ് സ്വർണക്കടത്ത് സംഭവം തെളിയിക്കുന്നതെന്നാണ് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞത്. കേന്ദമന്ത്രി വി മുരളീധരനും ബി ജെ പി ദേശീയ വക്താവ് സാംബിത് പത്രയും കേസിനെ പിണറായി സര്‍ക്കാറുമായി ബന്ധിപ്പിക്കാന്‍ ശ്രമം നടത്തി. ഇതിനിടെ, സംഭവത്തിൽ തീവ്രവാദ കഥകളുണ്ടാക്കാനും നീക്കമുണ്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചില ലീഗ് നേതാക്കളും ബി ജെ പി നേതാക്കളുടെ ആരോപണങ്ങള്‍ ഏറ്റുപിടിച്ചു.

കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ബി ജെ പി ചാനലായ ജനം ടി വിയുടെ കോ- ഓർഡിനേറ്റിംഗ് എഡിറ്റർ അനില്‍ നമ്പ്യാരുമായുള്ള അടുത്ത സൗഹൃദം പുറത്തുവരികയും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സ്വപ്നയെ ചോദ്യം ചെയ്യുകയും ചെയ്‌തതോടെ ബി ജെ പി പ്രതിരോധത്തിലായി. കള്ളക്കടത്ത് സ്വര്‍ണം പിടിച്ച വാര്‍ത്ത ചാനലുകളില്‍ വരാന്‍ തുടങ്ങിയപ്പോള്‍, പിടിച്ചെടുത്തത് നയതന്ത്ര പാഴ്‌സലല്ല വ്യക്തിപരമായ ബാഗേജാണെന്ന് യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ്‌മെന്റ് നല്‍കിയാല്‍ മതിയെന്ന് അനില്‍ നമ്പ്യാര്‍ ഉപദേശിച്ചതായും ബി ജെ പിക്ക് വേണ്ടി യു എ ഇ കോണ്‍സുലേറ്റിനോട് അനില്‍ നമ്പ്യാര്‍ സഹായങ്ങള്‍ തേടിയതായും സ്വപ്നയുടെ മൊഴിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റംസ് കേസ് റജിസ്റ്റര്‍ ചെയ്ത ജൂലൈ അഞ്ചിന് ഉച്ചക്ക് ശേഷം അനില്‍ നമ്പ്യാര്‍ സ്വപ്നയെ ഫോണില്‍ ബന്ധപ്പെട്ടതായും മൊഴിയിലുള്ളതായി അറിയുന്നു. ഇതോടെ, ജനം ടി വി കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് അനില്‍ നമ്പ്യാര്‍ക്ക് മാറി നില്‍ക്കേണ്ടി വരികയും ചാനലിന് ബി ജെ പിയുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍ക്ക് പ്രസ്താവനകള്‍ ഇറക്കേണ്ടി വരികയും ചെയ്തു. അപകടം മുന്നിൽ കണ്ട് അനിലിനോട് ഒഴിഞ്ഞുനില്‍ക്കാന്‍ ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടതാണെന്നാണ് വിവരം.

പന്ത് ഇപ്പോള്‍ സി പി എമ്മിന്റെയും ഇടതു മുന്നണിയുടെയും കോര്‍ട്ടിലാണ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെ സ്വര്‍ണക്കടത്തില്‍ ബി ജെ പിക്കുള്ള പങ്ക് പുറത്തുവന്നതായും പ്രതി സന്ദീപ് നായര്‍ക്ക് ബി ജെ പിയുമായി അടുത്തബന്ധമുണ്ടെന്നുമുള്ള ആരോപണവുമായി ഇടത് നേതാക്കളാണിപ്പോള്‍ കളം വാഴുന്നത്. നയതന്ത്ര ബാഗിലെ സ്വര്‍ണക്കടത്ത് പിടിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത് അനില്‍ നമ്പ്യാരാണെന്ന വിവരവും കേസില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടക്കം മുതല്‍ സ്വീകരിച്ച നിലപാടും ചേര്‍ത്തുവായിക്കേണ്ടതാണെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടുന്നു. അനില്‍ നമ്പ്യാര്‍ പരല്‍മീന്‍ മാത്രമാണ്. വമ്പന്‍ സ്രാവുകള്‍ വിദേശകാര്യ മന്ത്രാലയത്തിലാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. നേരത്തേ സ്വര്‍ണക്കടത്ത് കേസ് കൊട്ടിഘോഷിച്ചിരുന്ന യു ഡി എഫ,് ബി ജെ പി നേതാക്കള്‍ ഇപ്പോള്‍ മൗനത്തിലാണ്.

കഥയറിയാതെ ആട്ടം കാണരുതെന്നാണല്ലോ ചൊല്ല്. അങ്ങനെ ആടിയതിന്റെ ഫലമാണ് സ്വര്‍ണക്കടത്ത് കേസില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ മാറിമാറി ആരോപണ വിധേയരാകാന്‍ വഴിവെച്ചത്. പ്രമാദമായ ഒരു കുറ്റത്തിന് പിടിക്കപ്പെടുമ്പോഴേക്കും അതിന്റെ പിന്നാമ്പുറങ്ങള്‍ കണ്ടെത്തുന്നതിന് മുമ്പ് അതിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതിന്റെ അനന്തരഫലം. മിക്കവാറും ഭരണപക്ഷ നേതാക്കളാണ് ഏതോ ക്രിമിനലുകള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് പഴികേള്‍ക്കേണ്ടി വരാറുള്ളത്. സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടിയെയും സരിതയെയും ബന്ധപ്പെടുത്തി എന്തൊക്കെ കഥകളാണ് പ്രചരിച്ചത്. ഐസ്‌ക്രീം പാർലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്നത് എത്രയെത്ര കഥകളാണ്. സ്വര്‍ണക്കടത്ത് കേസില്‍ പിണറായിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ശ്രമം നടന്നു. അടിസ്ഥാന രഹിതമായ പ്രചാരണങ്ങളെ തുടര്‍ന്ന് വേണ്ടുവോളം കൈപ്പുനീര്‍ കുടിച്ചവര്‍ തന്നെയാണ് എതിര്‍ കക്ഷി നേതാവിന്റെ ബന്ധുവിന്റെയോ ജീവനക്കാരന്റെയോ പേര് ഉയരുമ്പോൾ അതില്‍ കയറിപ്പിടിച്ച് താറടിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ക്ക് എരിവും പുളിയും ചേർക്കാൻ സാമ്പത്തിക, രാഷ്ട്രീയ താത്പര്യങ്ങളാൽ ചില മാധ്യമങ്ങള്‍ കിടമത്സരം നടത്തുകയും ചെയ്യുന്നു. ഇത് മോശം രാഷ്ട്രീയ സംസ്‌കാരമാണ്. നേരും നെറിയും വേണം രാഷ്ട്രീയത്തില്‍. വ്യക്തമായ തെളിവില്ലാതെ ഒരാളെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്.

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. അന്വേഷണ നടപടികള്‍ക്ക് തുടക്കം കുറിച്ചതേയുള്ളൂ. അതേക്കുറിച്ച് പുറത്തുവന്ന പല വിവരങ്ങള്‍ക്കും ഔദ്യോഗിക സ്ഥിരീകരണമില്ല. ഈ ഘട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട് ഊഹങ്ങള്‍ പ്രചരിപ്പിക്കുന്നതും പുകമറ സൃഷ്ടിക്കുന്നതും അന്വേഷണത്തിന്റെ സുഗമമായ പ്രയാണത്തിന് തടസ്സം സൃഷ്ടിക്കും. ആരാണ്, ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയത്? എത്ര കാലമായി ഈ സംഘം കടത്ത് തുടങ്ങിയിട്ട്? ഇതിന് സഹായം നല്‍കുന്ന ശക്തികള്‍ ആരൊക്കെയാണ്? ആര്‍ക്കെല്ലാമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്? എന്നിത്യാദി അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് അന്വേഷണ ഏജന്‍സികള്‍ ഉത്തരം കണ്ടെത്തട്ടെ. അതുവരെ നേതാക്കള്‍ക്കെതിരെയും മറ്റും ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും ഭാവനാ കഥകള്‍ പടച്ചുവിടുന്നതില്‍ നിന്ന് മാധ്യമങ്ങളും മാറിനില്‍ക്കേണ്ടിയിരിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മാത്രമല്ല, ഏത് കേസിലും ഇതായിരിക്കണം രാഷ്ട്രീയ- മാധ്യമ നിലപാട്.

Latest