Connect with us

Gulf

സഊദിയിലെ ആദ്യ ആഡംബര കപ്പല്‍ യാത്ര ആരംഭിച്ചു

Published

|

Last Updated

ജിദ്ദ | സഊദി അറേബ്യയിലെ ആദ്യ ആഡംബര ക്രൂസ് കപ്പലായ സില്‍വര്‍ സ്പിരിറ്റ് ചെങ്കടലിലൂടെയുള്ള വിനോദ യാത്ര ആരംഭിച്ചു. റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ നിന്നും യാമ്പുവിലെ റാസ് അല്‍ അബിയാദിലേകുള്ള മൂന്ന് ദിവസത്തെ യാത്രയും റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ നിന്ന് റാസ് അല്‍ അബിയാദ്, നിയോമിലെ സിന്‍ഡാല ദ്വീപ് എന്നിവിടങ്ങളിലേക്ക് നാല് ദിവസത്തെ ഉല്ലാസ യാത്രകളുമാണുണ്ടാകുക. ആദ്യ ഘട്ടത്തില്‍ രണ്ട് റൂട്ടുകളിലായാണ് സര്‍വീസ്. അബിയാദിലേക്ക് 7,475 സഊദി റിയാലും റാസ് അല്‍ അബിയാദ്, നിയോമിലെ സിന്‍ഡാല ദ്വീപ് എന്നിവിടങ്ങളിലേക്ക് 10,465 സഊദി റിയാലുമാണ് യാത്രാനിരക്ക്.

കൊവിഡ് മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ കപ്പലില്‍ കയറുന്നതിന് മുമ്പ് കൊവിഡ് പരിശോധന പൂര്‍ത്തിയാക്കണം. യാത്രക്കാരുടെയും കപ്പല്‍ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. കൂടാതെ ഓണ്‍ബോര്‍ഡ് മെഡിക്കല്‍ ടീം സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

സഊദി സമ്മര്‍ സീസണ്‍ കാമ്പയിനിന്റെ ഭാഗമായാണ് ക്രൂസ് കപ്പല്‍ യാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സഊദി സാംസ്‌കാരിക മന്ത്രാലയം, ടൂറിസം അതോറിറ്റി, ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി, പോര്‍ട്ട്‌സ് അതോറിറ്റി എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബ്രേക്ക് ഫ്രീ കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നതെന്ന് സഊദി ടൂറിസം മന്ത്രാലയം പറഞ്ഞു

608 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന കപ്പലില്‍ നിലവില്‍ 450 യാത്രക്കാര്‍ക്കാണ് അവസരം. ചെങ്കടലിലെ മനോഹരമായ യാത്രകള്‍ ആസ്വദിക്കുന്നതോടൊപ്പം വിവിധ വിനോദ പരിപാടികള്‍, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, വീഡിയോ ഗെയിംമിംഗ് ഏരിയ, നിരവധി സ്വകാര്യ റസ്‌റ്റോറന്റുകള്‍ എന്നിവയും ക്രൂസ് കപ്പലുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Latest