Kerala
ജി എസ് ടി: കേന്ദ്രം വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഐസക്

തിരുവനന്തപുരം | കൊവിഡിനെ തുടര്‍ന്ന് വരുമാന നഷ്ടം ഉണ്ടായ സാഹചര്യത്തില്‍ ജി എസ് ടി നഷ്ടം നികത്തുന്നതിന് കേന്ദ്രം വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ജി എസ് ടി വരുമാനം ഏതു സാഹചര്യത്തില്‍ കുറഞ്ഞാലും സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. കേന്ദ്ര നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന് വരുമാനം നഷ്ടമുണ്ടാക്കുന്നതാണ്. ജി എസ് ടി നഷ്ടപരിഹാരം തരുന്നതിനുള്ള ബാധ്യത സര്‍ക്കാറിനാണ് എന്നാണ് എല്ലാ സംസ്ഥാനങ്ങളും ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ വാദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജി എസ് ടി കൗണ്‍സില്‍ പരിഹാരം കണ്ടെത്തണമെന്നാണ് അറ്റോര്‍ണി ജനറല്‍ പറയുന്നത്. അത് പ്രാവര്‍ത്തികമല്ലെന്ന് ഐസക് പറഞ്ഞു. ജി എസ് ടി കൗണ്‍സിലില്‍ യോജിച്ച തീരുമാനം ഉണ്ടാവാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രളയ സെസ് ഈ ആഗസ്റ്റ് വരെ മാത്രമേ പിരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം സംബന്ധിച്ച് പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു. ഏത് ഫയല്‍ കത്തി എന്ന് ആരോപണം ഉന്നയിച്ചവര്‍ പറയണം. പ്രധാനപ്പെട്ട ഫയലുകള്‍ ഒന്നും കത്തിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ബഹളം ഉണ്ടാക്കുന്നവര്‍ കേരളത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.