Connect with us

Kerala

തരൂരിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; തരൂര്‍ രാഷ്ട്രീയത്തിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റെന്ന് കൊടിക്കുന്നില്‍ സുരേഷ്

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്ത് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. വിവാദങ്ങള്‍ അവസനാപ്പിക്കണമെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ശശി തരൂര്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന് എതിരായ വിമര്‍ശനം തുടരുകയാണ്. ഏറ്റവും ഒടുവിലായി രംഗത്തെത്തിയിരിക്കുന്നത് ഐ ഐ സി സി നേതാവും കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാവുമായ കൊടിക്കുന്നില്‍ സുരേഷാണ് രംഗത്തെത്തിയത്. കടുത്ത വിമര്‍ശനമാണ് അദ്ദേഹം തരൂരിനെതിരെ നടത്തിയത്.

ശശി തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത് ഗസ്റ്റ് ആര്‍ട്ടിസറ്റായാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പാര്‍ട്ടി അച്ചടക്കം നിരന്തരം ലംഘിക്കുന്നു. പാര്‍ട്ടി അതിര്‍ വരമ്പുകളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നില്ല. അദ്ദേഹത്തിന് എടുത്ത്ചാട്ടം കൂടുതലാണ്. വിശ്വപൗരനായാല്‍ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് തരൂരിനെന്നും കൊടിക്കുന്നില്‍ പ്രതികരിച്ചു.
സോണിയാ ഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും നേതൃത്വത്തിനെതിരെ ശശി തരൂര്‍ അടക്കമുള്ള 23 നേതാക്കളാണ് കത്ത് തയ്യാറാക്കിയത്. പുതിയ ഒരു നേതൃത്വം പാര്‍ട്ടിക്ക് വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ഇതിനെതിരെ കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ രഹസ്യ നീക്കം നടത്തിയവരെ പരമാവധി മാറ്റി നിര്‍ത്തി രാജ്യസഭയിലും ലോക്‌സഭയിലും പുതിയ ഒരു നേതൃനിരയെ സോണിയാ ഗാന്ധി ഇറക്കുകയും ചെയ്തു.

നേരത്തെ ശശി തരൂരിനെതിരെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരന്‍ എം പിയുമെല്ലാം വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനുള്ളത് ഒരു വിശ്വ എം പിയും മറ്റുള്ളവര്‍ സാധാരണ എം പിയുമാണെന്നായിരുന്നു മുരളീധരന്റെ പരിഹാസം. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കൊടിക്കുന്നിലും നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പുകയുന്ന അനൈക്യം തുറന്നു കാണിക്കുന്നതാണ് മുതിര്‍ന്ന നേതാവായ കൊടിക്കുന്നിലിന്റെ പ്രതികരണം.

 

 

Latest