Connect with us

Kerala

പ്രതിപക്ഷം തെറിപറഞ്ഞിട്ടില്ല; സ്വന്തം ശീലംവെച്ച് മുഖ്യമന്ത്രി മറ്റുള്ളവരെ അളക്കരുത്- ചെന്നിത്തല

Published

|

Last Updated

കോഴിക്കോട് | പ്രതിപക്ഷം ഉന്നയിച്ച ഒരു അഴിമതി ആരോപണങ്ങളിലും അവിശ്വാസ പ്രമേയ ചര്‍ച്ചയിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതികള്‍ സംബന്ധിച്ച് വസ്തുതകള്‍ എല്ലാം എഴുതിക്കൊടുത്ത് ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പറഞ്ഞത് മത്സ്യ കുഞ്ഞുങ്ങളെ കായലുകള്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ചും കിണറുകള്‍ റീ ചാര്‍ജ് ചെയ്യുന്നതിനെക്കുറിച്ചെല്ലാമാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മറുപടി പ്രസംഗം മുഴുവന്‍ മുഖ്യമന്ത്രി എഴുതിക്കൊടുത്തത് നോക്കി വായിക്കുകയായിരുന്നു. നിയമസഭ ചട്ടങ്ങളില്‍ പറയുന്നുണ്ട് ആരും നോക്കി വായിയക്കരുതെന്ന്. മുന്നേ മുക്കാല്‍ മണിക്കൂര്‍ മുഖ്യമന്ത്രി നോക്കി വായിച്ചിട്ടും സ്പീക്കര്‍ ഇടപെട്ടില്ല.

പ്രതിപക്ഷം തെറി മുദ്രാവാക്യം വിളിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തെറി പറയുന്നത് ആരെന്ന് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രി സ്വന്തം ശീലം വെച്ച് മറ്റുള്ളവരെ അളക്കരുത്. പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാവര്‍ക്കും അറിയാം. പരനാറി,കുലംകുത്തി, നികൃഷ്ട ജീവി എന്നൊക്കെ പറഞ്ഞ പിണറായി പ്രതിപക്ഷത്തെ ഉപദേശിക്കേണ്ട.
അവിശ്വാസ പ്രമേയം പരാജയപ്പെട്ടു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അംഗബലം കുറവായതിനാല്‍ സഭയില്‍ അവിശ്വാസം പരാജയപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ജനങ്ങളുടെ മനസ്സില്‍ സര്‍ക്കാറിനെതിരായ അവിശാസം എന്നോ പാസായിട്ടുണ്ട്.

പ്രതിപക്ഷം ഉന്നയിച്ച എല്ലാ അഴിമതിക്കേസുകള്‍ക്കും നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ്. ലൈഫ് മിഷന്‍ പദ്ധതിയില്‍ താന്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അഴിമതികള്‍ പൂഴ്ത്തിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest