Connect with us

Gulf

പത്ത് ദിവസത്തിനകം 15,000 പാസ്പോര്‍ട്ട് സേവനങ്ങള്‍: ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍

Published

|

Last Updated

 ദുബൈ |  പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്നങ്ങളുള്ള ഇന്ത്യക്കാര്‍ നയതന്ത്ര കാര്യാലയത്തെ സമീപിക്കാന്‍ മടിക്കേണ്ടതില്ലെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി. ചുമതലയേറ്റ ശേഷം ആദ്യമായി മാധ്യമ പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തുകയായിരുന്നു അദ്ദേഹം. പാസ്പോര്‍ട്ടില്ലാത്തവര്‍ക്ക് നയതന്ത്ര കാര്യാലയം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി വരുന്നു. പാസ്പോര്‍ട് കോപ്പി പോലും ഇല്ലാത്തവര്‍, ഇന്ത്യക്കാരനാണെന്നു തെളിയിച്ചാല്‍ മാത്രം മതി. അവര്‍ക്കു എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ പുതിയ പാസ്പോര്‍ട്ടോ നല്‍കും.

ഇത്തരത്തില്‍ ദിനം പ്രതി 40ഓളം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അഥവാ ഔട്ട്പാസ് നല്‍കി വരുന്നു. വിസ കാലാവധി തീര്‍ന്നവര്‍ നാട്ടിലേക്ക് മടങ്ങുകയോ പദവി ശരിയാക്കുകയോ വേണമെന്നാണ് യു എ ഇ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പിഴ കൊടുക്കാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണിത്. ഇത് എല്ലാ ഇന്ത്യക്കാരും ഉപയോഗപ്പെടുത്തണം.

പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്ക് വേഗം പുതുക്കിക്കൊടുക്കാനുള്ള നിര്‍ദേശം സേവന ഏജന്‍സിക്കു നല്‍കിയിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. കഴിഞ്ഞ പത്ത് ദിവസത്തിനകം 15,000 ഓളം പാസ്പോര്‍ട്ട് സേവനങ്ങള്‍ കോണ്‍സുലേറ്റിനു കീഴില്‍ നടന്നിട്ടുണ്ട്. ദിനംപ്രതി ആയിരം സേവനങ്ങള്‍ നടത്തുന്നു. അടുത്ത രണ്ട് മാസം പ്രത്യേകമായ സേവനം ഉണ്ടായിരിക്കും. അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. രേഖയില്ലാതെ ഒരു ഇന്ത്യക്കാരനും യു എ ഇയില്‍ ഉണ്ടാകരുതെന്നാണ് ആഗ്രഹം. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കു യാതൊരു പ്രയാസവും ഉണ്ടാകില്ല. നാട്ടിലെത്തി പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം.

ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്കു കൊവിഡ് പരിശോധന നിര്‍ബന്ധമല്ല. എന്നാല്‍ പരിശോധന നടത്തുന്നതാണ് ഉചിതം. കൊവിഡ് ഇല്ലാ സാക്ഷ്യപത്രവുമായി പോകുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യം വരില്ല. നാട്ടില്‍ കൊവിഡ് വ്യാപിക്കാതിരിക്കാന്‍ എവിടെയും പരിശോധന നല്ലതാണ്. യു എ ഇയില്‍ ചില വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധനയുണ്ട്. എല്ലാ എമിറേറ്റുകളിലും സൗജന്യമായി കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറക്കാന്‍ ചില എയര്‍ലൈനറുകള്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിവ്. ഇത് യാത്രക്കാര്‍ക്ക് ഗുണകരമാണ്. ചില ആശുപത്രികള്‍ ഇതുമായി സഹകരിക്കും. ഫീസ് ടിക്കറ്റില്‍ ഉള്‍ക്കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹെഡ് ഓഫ് ചാന്‍സറി സഞ്ജീവ് കുമാര്‍, കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest