Connect with us

Fact Check

FACT CHECK: മോഡലിനെതിരെയുള്ള ആസിഡ് ആക്രമണം ലൗ ജിഹാദാക്കി പ്രചാരണം

Published

|

Last Updated

മുംബൈ | ആസിഡ് ആക്രമണത്തിന് മുമ്പും ശേഷവുമുള്ള മോഡലിന്റെ ചിത്രങ്ങള്‍ വെച്ച് ലൗ ജിഹാദ് ചാര്‍ത്തി വ്യാപക പ്രചാരണം. മുസ്ലിമായ കാമുകന്‍ ഹിന്ദു പെണ്‍കുട്ടിയെ ആക്രമിച്ചു എന്നാണ് സൈബറിടത്തില്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദുത്വ രാമരാജ്യ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം ഉപയോക്താവ് ആണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് വര്‍ഗീയ പ്രചാരണം നടത്തുന്നത്.

ലൗജിഹാദ് എന്ന ഹാഷ്ടാഗില്‍ നിരവധി ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് വ്യാജ പ്രചാരണമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ചിത്രത്തിലുള്ള മോഡല്‍ മുസ്ലിം ആണ്. 2017ല്‍ ലണ്ടനില്‍ വെച്ചാണ് ഇവരുടെ മുഖത്തേക്ക് ഒരു വെള്ളക്കാരന്‍ ആസിഡ് ഒഴിച്ചത്.

പ്രചരിക്കുന്ന ചിത്രത്തിലുള്ള മോഡലിന്റെ പേര് രെശ്മ ഖാന്‍ എന്നാല്‍. ബന്ധുവായ ജമീല്‍ മുഖ്താറുമൊത്ത് ലണ്ടനിലിരിക്കെയാണ് ബെക്ടോണില്‍ വെച്ച് 2017 ജൂണ്‍ 21ന് ജോണ്‍ ടോംലിന്‍ എന്ന വംശീയവാദി രെശ്മ ഖാന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. രെശ്മയുടെ 21ാം ജന്മദിനത്തിന്റെയന്നായിരുന്നു ഈ സംഭവം.

2018ല്‍ ജോണിന് 16 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു. മനഃപൂര്‍വമാണ് ആക്രമിച്ചതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. ലണ്ടനില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയ സംഭവങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇതും. ഇത്തരമൊരു സംഭവത്തെയാണ് സംഘ്പരിവാറുകാര്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നത്.