International
ന്യൂസീലാന്‍ഡ് പള്ളികളിലെ കൂട്ടക്കുരുതി; വംശീയവെറിക്കാരനായ അക്രമിക്ക് പരോളില്ലാത്ത ജീവപര്യന്തം

വെല്ലിങ്ടണ്‍ |ന്യൂസീലന്‍ഡിലെമുസ്ലീംപള്ളികളില്‍ കൂട്ടക്കുരുതി നടത്തിയ29കാരന് പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ. ന്യൂസീലന്‍ഡില്‍ ആദ്യമായാണ് ഇത്ര കഠിനമായ ശിക്ഷക്ക് ഒരാള്‍ വിധേയനാവുന്നത്.ബ്രന്‍ടണ്‍ ടാരന്റ് എന്ന ഓസ്‌ട്രേലിയന്‍ പൗരനായ യുവാവിനെയാണ് കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ വര്‍ഷമാണ്പള്ളികളില്‍ കയറി കൂട്ടക്കുരുതി നടത്തിയത്. ഇയാള്‍ നടത്തിയ വെടിവെപ്പില്‍ 51 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്
“നിങ്ങളുടെ പ്രവൃത്തികള്‍ അതി നിഷ്ഠൂരമായിരുന്നു. അതിന് ജീവപര്യന്തം തടവെന്നത് പര്യാപ്തമല്ല. പിതാവിന്റെ കാലില്‍ പറ്റിപ്പിടിച്ചു നിന്ന മൂന്ന് വയസ്സുള്ള കുഞ്ഞിനെ വരെ നിങ്ങള്‍ മനപ്പൂര്‍വ്വം കൊന്നു”, എന്നാണ് വിധി പുറപ്പെടുവിച്ച് കൊണ്ട് ജഡ്ജി കാമറൂണ്‍ മാന്‍ഡര്‍ പറഞ്ഞത്.
2019 മാര്‍ച്ച് 15നാണ് ന്യൂസീലന്‍ഡിലെ രണ്ട് പള്ളികളില്‍ വംശീയ വെറിക്കാരനായ ബ്രെന്‍ടണ്‍ ടാരന്റ്വെടിവെപ്പ് നടത്തിയത്. ക്രൈസ്റ്റ്ചര്‍ച്ചിലെയും ലിന്‍വുഡിലെയും പള്ളികളില്‍ പ്രാര്‍ഥനയ്ക്കിടെയാണ് സംഭവം.
വെടിവെപ്പുനടന്ന പള്ളികള്‍ തമ്മില്‍ ആറു കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയില്‍ പ്രാദേശികസമയം ഉച്ചയ്ക്ക് 1.40-ഓടെയാണ് ആദ്യവെടിവെപ്പുണ്ടായത്. പള്ളിക്കുപുറത്ത് റോഡില്‍ വണ്ടിനിര്‍ത്തി അക്രമി പള്ളിയുടെ മുന്‍വാതിലിലൂടെ കടന്നാണ് ഉള്ളിലുണ്ടായിരുന്നവര്‍ക്കുനേരെ യന്ത്രത്തോക്കുപയോഗിച്ച് തുരുതുരാ നിറയൊഴിച്ചത്. ഈ സമയം ഇവിടെ നാനൂറോളംപേര്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു.പിന്നീടാണ് ലിന്‍വുഡിലെ ഇസ്ലാമിക് സെന്ററില്‍ വെടിവെപ്പുണ്ടായത്.
. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടവെടിവെപ്പാണിത്. കൊലയാളി ബ്രന്റണ്‍ ടാരന്റ് ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറവഴി കൂട്ടക്കുരുതി ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തതും വലിയ നടുക്കത്തോടെയാണ് ലോകം കണ്ടത്.