Connect with us

Covid19

പത്തനംതിട്ടയില്‍ 180 പേര്‍ക്ക് കൂടി കൊവിഡ്; കടയ്ക്കാട് കേന്ദ്രീകരിച്ച് ലാര്‍ജ് ക്ലസ്റ്റര്‍ രൂപം കൊള്ളുന്നു

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 180 കൊവിഡ് കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കണക്കുകളില്‍ ഉയര്‍ന്ന നിരക്കാണിത്. പന്തളം കടയ്ക്കാട് കേന്ദ്രീകരിച്ച് പത്തനംതിട്ടയില്‍ പുതിയ ലാര്‍ജ് ക്ലസ്റ്ററിലേക്ക് മാറുന്നതായാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടയ്ക്കാട് കേന്ദ്രീകരിച്ച് നൂറിനടുത്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴിയുള്ള രോഗബാധിതരില്‍ അധികവും അടൂര്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവരാണ്. 12 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. രോഗം ബാധിച്ചവരില്‍ അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. അടൂര്‍ സ്റ്റേഷനിലെ പോലീസ് ഓഫീസര്‍, പള്ളിക്കല്‍ സ്വദേശിയായ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരന്‍, പന്തളത്തെ എസ് ബി ഐ ജീവനക്കാരന്‍, തട്ടയില്‍ ഒരുപ്പുറം ക്ഷേത്രത്തിലെ പുരോഹിതന്‍, ഒറീസ സ്വദേശികളായ രണ്ട് പേരും രോഗം പിടിപെട്ടവരില്‍ ഉള്‍പ്പെടുന്നു.

കൊവിഡ് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ഇന്നലെ മരിച്ചു. തിരുവല്ല മഞ്ഞാടി സ്വദേശി കെ എം ജോണി (72), വള്ളിക്കോട്, കൈപ്പട്ടൂര്‍ സ്വദേശി രാമകൃഷ്ണന്‍ (68) എന്നിവരാണ് മരിച്ചത്. കൊവിഡ് ബാധിച്ച് 14 പേരാണ് ജില്ലയില്‍ ഇതുവരെ മരിച്ചത്. ആകെ 2,881 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1,658 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്ന് 37 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2,069 ആണ്. ജില്ലയില്‍ ആകെ 804 പേര്‍ വിവിധ ആശുപത്രികളിലായി ഐസോലേഷനില്‍ ആണ്. പുതിയതായി 141 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആകെ 13,374 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,516 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Latest