Connect with us

National

പാര്‍ലിമെന്റിന് സമീപത്ത് നിന്ന് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ വിജയ് ചൗക്കിന് സമീപത്ത് നിന്ന് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ സി ആര്‍ പി എഫ് അറസ്റ്റ് ചെയ്തു. ജമ്മുകശ്മീരിലെ ബുദ്ഗാം നിവാസി എന്ന് അവകാശപ്പെടുന്ന യുവാവിനെ പാര്‍ലിമെന്റ് മന്ദിരത്തിനടുത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തിലാണ് യുവാവിനെ കണ്ടെത്തിയതെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രാഥമിക ചോദ്യംചെയ്യലില്‍ തെറ്റായ വിവരങ്ങളാണ് ഇയാള്‍ നല്‍കിയതെന്നും ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ചില രേഖകളില്‍ നിന്ന് സംശയകരമായ ചില കാര്യങ്ങള്‍ കണ്ടെത്തിയെന്നും സി ആര്‍ പി എഫ് പറഞ്ഞു. ഇയാളില്‍ നിന്ന് ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും പിടികൂടി. രണ്ട് ഐഡി കാര്‍ഡിലും വ്യത്യസ്ത പേരുകളാണുള്ളതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിചേര്‍ത്തു. ഡ്രൈവിംഗ് ലൈസന്‍സില്‍ ഫിര്‍ദൗസ് എന്നും ആധാര്‍ കാര്‍ഡില്‍ മന്‍സൂര്‍ അഹമ്മദ് ആഹാംഗര്‍ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മുകശ്മീരിലെ ബുദ്ഗാം ജില്ലയിലെ റാസ്തൂണ്‍ പ്രദേശ വാസിയാണ് ഇയാള്‍.

അതേസമയം, ഇയാള്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്നും ഇത് കൂടുതല്‍ സംശയത്തിനിടയാക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിചേര്‍ത്തു. 2016ലാണ് ഡല്‍ഹിയിലെത്തിയതെന്ന് ആദ്യം പറഞ്ഞ ഇയാള്‍ പിന്നീട് കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് എത്തിയതെന്ന് മാറ്റി പറയുകയായിരുന്നു. അന്ന് മുതല്‍ ഡല്‍ഹിയിലാണ് താമസമെന്നും ഇയാള്‍ പറഞ്ഞുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇയാളെ കുറിച്ച് വ്യക്തമായ വിവരം നല്‍കുന്നില്ലെന്നും പ്രതിയെ പോലീസിന് കൊമാറുമെന്നും അവര്‍ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും സി ആര്‍ പിഎഫ് പറഞ്ഞു. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്ക് നല്‍കുമെന്നും അവര്‍ അറിയിച്ചു. അതേസമയം, കഴിഞ്ഞ സെപ്റ്റംബറില്‍ കത്തിയുമായി പാര്‍ലിമെന്റിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച 25കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest