National
തനിക്കെതിരായ ഒന്നിലധികം കേസുകള്‍ ഒന്നാക്കണമെന്ന് ഷര്‍ജീല്‍ ഇമാം

ന്യൂഡല്‍ഹി| തനിക്കെതിരായ ഒന്നിലധികം എഫ്‌ഐആറുകള്‍ ഒന്നാക്കണമെന്നാവശ്യപ്പെട്ട് ഷര്‍ജീല്‍ ഇമാം ഡല്‍ഹി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഷര്‍ജീല്‍ ഇപ്പോള്‍ ഡല്‍ഹി പോലീസ് കസ്റ്റഡിയിലാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ തീവ്രവികാരമുണര്‍ത്തുന്ന പ്രസംഗം നടത്തിയെന്നാരോപിച്ചാണ് മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഷര്‍ജിലിനെതിരേ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
നേരത്തേ അറസ്റ്റ് ചെയ്ത ഷര്‍ജിലിനെ ഡല്‍ഹി വംശ്യഹത്യ കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സമയത്താണ് തനിക്കെതിരായ കേസുകള്‍ ഒന്നാക്കണമെന്ന് ഇമാം ആവശ്യപ്പെട്ടത്.
അതേസമയം, കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനായി ഷര്‍ജില്‍ ഇമാമിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ കൂടുതല്‍ സംഭവവികാസങ്ങള്‍ നടന്നിട്ടുണ്ട്. കൂടാതെ കോടതി ഫയലുകള്‍ തങ്ങള്‍ക്ക് പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ കോടതി അടച്ചിട്ടതിനാല്‍ അതിന് കഴിഞ്ഞില്ലെന്നും കൂടുതല്‍ സമയം നല്‍കണമെന്നും ഷര്‍ജീലിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, രണ്ടാഴ്ച കഴിഞ്ഞ് കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.