Connect with us

Kerala

സെക്രട്ടേറിയറ്റ് തീപിടുത്തം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടു

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. തന്ത്രപ്രധാന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായതെന്നും ഫയലുകള്‍ കത്തിനശിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നും ഗവര്‍ണറെ അറിയിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ബുധനാഴ്ച വിശദമായ മെമ്മോറാണ്ടം പ്രതിപക്ഷം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിന്റെ തെളിവുകള്‍ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീപിടിത്തം. സെക്രട്ടറിയേറ്റില്‍ പോലും ഫയലുകള്‍ സുരക്ഷിതമല്ലാത്ത സ്ഥിതിയുണ്ട്. സ്വര്‍ണക്കടത്തു കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയാണ് ഫയലുകള്‍ നശിപ്പിക്കുന്നത്. ഇത് നീതിപൂര്‍വമാണോ, മന്ത്രിസഭയ്ക്ക് ഫയലുകള്‍ നശിപ്പിക്കാന്‍ കഴിയുമോ എന്നീകാര്യങ്ങളും സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ചും ഗവര്‍ണറോട് സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി ചെന്നിത്തല വ്യക്തമാക്കി. ഗവര്‍ണറുടെ നേരിട്ടുളള അന്വേഷണം എന്ന രീതിയില്‍ കാര്യങ്ങള്‍ പോകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

Latest