Connect with us

Malappuram

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പ്രത്യേക പ്രവേശനം

Published

|

Last Updated

മലപ്പുറം | ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി മഅദിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പ്രത്യേക പ്രവേശനം. ഇത്തരം വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അനിവാര്യമായ പ്രാതിനിധ്യം നല്‍കാനും ആവശ്യമായ അവസരങ്ങളും സംവിധാനങ്ങളുമൊരുക്കാനുള്ള മഅ്ദിന്‍ അക്കാദമിയുടെ മാതൃകാപരമായ ചുവടുവെപ്പാണിത്. മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ലൈഫ് ഷോര്‍ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ വിദഗ്ധ സഹായവും ഈ പദ്ധതിക്കുണ്ടാകും.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ 3 വര്‍ഷത്തേക്കുള്ള അംഗീകൃത റെഗുലര്‍ കോഴ്‌സ്, രക്ഷിതാക്കള്‍ക്കു പ്രത്യേക പരിശീലനം, സാമൂഹിക ഇടപെടലുകള്‍ക്കും പഠനേതര പദ്ധതികള്‍ക്കും പ്രത്യേകം ഊന്നല്‍, കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നൈപുണ്യ പരിശീലനം, പഠനനിലവാരത്തിനനുസരിച്ചു മാനേജ്‌മെന്റില്‍ നിന്നും ഇതര ഏജന്‍സികളില്‍ നിന്നുമുള്ള സ്‌കോളര്‍ഷിപ്പ്, കുടുംബത്തോടൊപ്പം താമസിച്ചു പഠിക്കാനുള്ള സംവിധാനം, പഠനത്തോടൊപ്പം തന്നെ തൊഴില്‍ പരിശീലനം, തെറാപ്പി സേവനങ്ങള്‍, പഠന വിഷയങ്ങളില്‍ വ്യക്തിഗത ശ്രദ്ധക്കായി ട്യൂട്ടറുടെ സേവനം, പരീക്ഷകള്‍ക്ക് സ്‌ക്രൈബിന്റെ സഹായം എന്നിവ കോഴ്‌സിന്റെ പ്രത്യേകതയാണ്. 2020 സെപ്തംബര്‍ 05 വരെയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ ഓണ്‍ലൈനായി  www.ableworld.org  എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 8123761245, 9633031121