National
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ചര്‍ച്ച അടുത്ത മാസം ധാക്കയില്‍

ന്യൂഡല്‍ഹി| ഇന്ത്യ-ബംഗ്ലാദേശ് ഡയറക്ടര്‍ ജനറല്‍ തല അതിര്‍ത്തി ചര്‍ച്ച അടുത്ത മാസം ധാക്കയില്‍ നടക്കും. അതിര്‍ത്തിയിലെ കുറ്റകൃത്യങ്ങളും സുരക്ഷാവെല്ലുവിളികളും സംബന്ധിച്ച നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷാ സേന(ബിഎസ്എഫ്) തലവനും ബംഗ്ലാദേശിന്റെ അതിര്‍ത്തി ഗാര്‍ഡ്(ബിജിബി) തലവനും തമ്മിലാണ് ചര്‍ച്ച നടത്തുന്നത്. ധാക്കയിലെ ബംഗ്ലാദേശ് സേനയുടെ ആസ്ഥാനമായ പില്‍ഖാനയില്‍ അടുത്ത മാസം 13 മുതല്‍ 18 വരെയാണ് ചര്‍ച്ച നടക്കുക. പുതുതായി നിയമിതനായ ബി എസ് എഫ് ഡിജി രാകേഷ് അസ്താന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നേതൃത്വം നല്‍കും.
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, വിദേശകാര്യ മന്ത്രാലയ വക്താക്കള്‍, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ബംഗ്ലാദേശിന്‍ ഭാഗത്ത് നിന്ന് ഡിജി ജന. എം ഡി ഷെഫീനുല്‍ ഇസ്ലാം നേതൃത്വം നല്‍കും. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ വെച്ചാണ് അവസനാമായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയത്.
4,096 കി. മി നീളമുള്ള അതിര്‍ത്തിയിലെ നിരവധി ഉഭയകക്ഷി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പുതിയ പെരുമാറ്റച്ചട്ടം രൂപികരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചര്‍ച്ച ചെയ്യുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണെന്നും എക്കാലവും അത് അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ ക്രിമിനല്‍ കുറ്റകൃത്യമാവും പ്രധാനമായും ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിക്കുന്ന വിഷയം.
അതേസമയം, ഈ മാസം ആദ്യം വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ബെംഗ്ലാദേശ് സന്ദര്‍ശിക്കുകയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായ കൂടികാഴ്ച നടത്തി ഒരു ദിവസത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി മസൂദ് ബിന്‍ മോമനുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.