Covid19
ശമ്പളം വെട്ടിക്കുറച്ചതിനെ ചൊല്ലി തർക്കം; യുവാവ് തൊഴിലുടമയെ കൊന്നു
		
      																					
              
              
            ന്യൂഡൽഹി| കൊറോണവൈറസ് പകർച്ചവ്യാധിക്കിടെ ശമ്പളം വെട്ടിക്കുറച്ചതിനെ തുടർന്ന് തൊഴിലുടമയെ കൊലപ്പെടുത്തിയ കേസിൽ 21കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. 45കാരനായ ക്ഷീരകർഷകനായ ഓംപ്രകാശി(45)ന്റെ വീട്ടുജോലിക്കാരനായിരുന്നു ഉത്തർപ്രദേശിൽ നിന്നുള്ള തസ്ലിം(21). 15,000 രൂപയായിരുന്നു ഇയാൾക്ക് മാസ ശമ്പളം നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി തുടർന്നതിനാൽ ശമ്പളം വെട്ടികുറക്കുകയാണെന്ന് ഓംപ്രകാശ് തസ്ലിമിനോട് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്തർക്കമുണ്ടാകുകയും ഓംപ്രകാശ് തന്നെ മർദിക്കുകയും ചെയ്തതായി തസ്ലിം പോലീസിനോട് പറഞ്ഞു. തുടർന്ന് ഉറങ്ങുകയായിരുന്ന ഓംപ്രകാശിന്റെ തലക്ക് വടി കൊണ്ടടിക്കുകയും കഴുത്ത് മുറിച്ച് മൃതദേഹം ചാക്കിൽ കെട്ടി കിണറ്റിൽ തള്ളുകയും ചെയ്തതായി പ്രതി വെളിപ്പെടുത്തി.
അന്വേഷിച്ചെത്തിയ ഓംപ്രകാശിന്റെ ബന്ധുക്കളോട് താൻ സ്ഥലത്തിലായിരുന്നെന്ന് പറഞ്ഞു. പിന്നീട് പിടിയിലാകുമെന്ന് ഭയന്ന് ഒളിവിൽ പോയി. ഈ മാസം പത്ത് മുതൽ അമ്മാവനെ കാണാനില്ലെന്ന് പറഞ്ഞ് ഓംപ്രകാശിന്റെ അനന്തരവൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. കിണറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് ഒളിവിൽ പോയ തസ്ലീമിനെ പോലീസ് പിടികൂടിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

