International
ഫിലിപ്പീൻസിൽ ഇരട്ട സ്‌ഫോടനം: 14 പേർ കൊല്ലപ്പെട്ടു

മനില| ഫിലിപ്പീൻസിൽ ഭീകരാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 75 ലധികം പേർക്ക് പരുക്കേറ്റു. തെക്കൻ ഫിലിപ്പീൻസിലെ സുലു ദ്വീപിലെ ജോലോ പട്ടണത്തിലാണ് ഇന്നലെ ഉച്ചക്ക് സ്‌ഫോടനം നടന്നത്. പരുക്കേറ്റവരിൽ സൈനികർ, പോലീസുകാർ, സാധാരണക്കാർ എന്നിവർ ഉൾപ്പെടുന്നു.
മോട്ടോർ സൈക്കിളിൽ സ്ഥാപിച്ച ബോംബും വനിതാ ചാവേറുമാണ് പൊട്ടിത്തറിച്ചതെന്ന് മേഖലാ സൈനിക കമാൻഡർ ലെഫ്. ജനറൽ കോർലെട്ടോ വിൻലുവാൻ പറഞ്ഞു. ആദ്യ സ്‌ഫോടനം നടന്ന സ്ഥലത്തിനടുത്താണ് ജോലോയിലെ റെഡ്‌ക്രോസ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. രണ്ട് സ്‌ഫോടനങ്ങളിലായി സുരക്ഷാ സേനയിലെ എട്ട് അംഗങ്ങളും ആറ് സാധാരണക്കാരും ബോംബറും കൊല്ലപ്പെട്ടു. 27 സുരക്ഷാ ഉദ്യോഗസ്ഥർക്കും 48 സാധാരണക്കാർക്കും പരുക്കേറ്റു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് ആറ് ചാവേർ ബോംബാക്രമണങ്ങൾ ഇവിടെ നടന്നതായി അധികൃതർ അറിയിച്ചു. ഇസിൽ അനുകൂല അബു സയ്യാഫ് സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു സൈന്യം വ്യക്തമാക്കി.