Connect with us

Covid19

ഹോങ്കോംഗിൽ കൊവിഡ് ബാധിച്ചയാൾക്ക് വീണ്ടും രോഗബാധയെന്ന് ശാസ്ത്രജ്ഞർ

Published

|

Last Updated

ഹോങ്കോംഗ് | കൊവിഡ് ബാധിച്ചയാൾക്ക് വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്‌തെന്ന പുതിയ വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ. 33 വയസ്സുള്ള യുവാവിനാണ് നാലരമാസത്തിന് ശേഷം വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്ത് തന്നെ ആദ്യമായാണ് കൊവിഡ് ബാധിതനായ ഒരാൾക്ക് വീണ്ടും രോഗബാധ കണ്ടെത്തുന്നതെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.

ഈ മാസം പകുതിയോടെ സ്‌പെയിനിൽ നിന്ന് ഹോങ്കോംഗിൽ മടങ്ങിയെത്തിയ യുവാവിനാണ് ജനിതകപരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് മുമ്പ് ബാധിച്ച വൈറസിന്റെ തീർത്തും വ്യത്യസ്തമായ മറ്റൊരു വകഭേദം കണ്ടെത്തിയത്. മാർച്ചിൽ കൊവിഡ് ബാധിച്ച് ഇയാൾ രോഗമുക്തി നേടിയിരുന്നതായി ശാസ്ത്രസംഘത്തലവനും മൈക്രോബയോളജിസ്റ്റുമായ ഡോ. കെൽവിൻ കായ് വാംഗ് ടൊ പറഞ്ഞു.

ആദ്യം വൈറസ്ബാധയുണ്ടായ സമയത്ത് ഇയാൾക്ക് നേരിയ തോതിൽ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ യാതൊരുവിധ രോഗലക്ഷണങ്ങലും പ്രകടിപ്പിച്ചിട്ടില്ല. ചില ആളുകൾകൾക്ക് ആജീവനാന്ത പ്രതിരോധ ശേഷി ഇല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും എത്രപേർക്ക് വീണ്ടും രോഗബാധയുണ്ടാകുമെന്ന് കണക്കുകൂട്ടാനാകില്ലെന്നും ഡോ. കെൽവിൻ അറിയിച്ചു.

ക്ലിനിക്കൽ ഇൻഫെക്ടിയസ് ഡിസീസസ് ജേണൽ ഗവേഷണ റിപ്പോർട്ടിന് അംഗീകാരം നൽകിയെങ്കിലും കൂടുതൽ പഠനഫലങ്ങൾ ലഭിക്കുന്നതുവരെ ഇത് പ്രസിദ്ധീകരിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് സ്വതന്ത്ര ഗവേഷകർ അഭിപ്രായപ്പെട്ടു.

Latest