Connect with us

Kerala

നിയമസഭാ സമ്മേളനം ആരംഭിച്ചു; അവിശ്വാസ പ്രമേയത്തിന് അനുമതി

Published

|

Last Updated

തിരുവനന്തപുരം | സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ കലുഷിതമായ രംഗങ്ങള്‍ അരങ്ങേറി. സ്പീക്കര്‍ അനുമതി നല്‍കിയ ശേഷം അവിശ്വാസ പ്രമേയം വി ഡി സതീശന്‍ അവതരിപ്പിച്ചു. പ്രമേയത്തില്‍ രാവിലെ 10ന് ചര്‍ച്ച നടക്കും. അഞ്ചു മണിക്കൂറാണ് ചര്‍ച്ചക്ക് അനുവദിച്ചിട്ടുള്ളത്.

സര്‍ക്കാറിനെതിരെ നിരവധി ആയുധങ്ങളുമായാണ് പ്രതിപക്ഷം എത്തിയിട്ടുള്ളത്. സ്പ്രിന്‍ക്‌ളറില്‍ തുടങ്ങി തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരെ പ്രതിപക്ഷം ഉയര്‍ത്തും. സര്‍ക്കാറിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസം പാസാകില്ല. എന്നാല്‍, ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയും വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയുമാണ് പ്രതിപക്ഷത്തിന്റെ പദ്ധതി. വൈകിട്ട് മൂന്നുവരെയാണ് സഭാ സമ്മേളനം. ആന്റിജന്‍ പരിശോധനക്ക് വിധേയരായ ശേഷമാണ് സഭാംഗങ്ങള്‍ സഭയില്‍ പ്രവേശിച്ചത്. എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. സാമൂഹിക അകലം പാലിച്ചാണ് അംഗങ്ങള്‍ സഭയില്‍ ഇരിക്കുന്നത്. ആദ്യം ധനകാര്യ ബില്ലായിരിക്കും സഭയില്‍ പാസാക്കുക.

കേരള നിയമസഭയുടെ ചരിത്രത്തിലെ 16-ാമത്തെ അവിശ്വാസ പ്രമേയമാണ് ഇന്ന് അവതരിപ്പിക്കുന്നത്. ഒരിക്കല്‍ മാത്രമാണ് അവിശ്വാസ പ്രമേയം പാസായത്. പി കെ കുഞ്ഞ് 1964 സെപ്തംബര്‍ മൂന്നിന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് ആര്‍ ശങ്കര്‍ മന്ത്രിസഭ രാജിവച്ചു. 15 വര്‍ഷത്തിനു ശേഷമാണ് സഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. ഒന്നാം ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരായി 2005 ജൂലൈ 12 ന് കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന പ്രമേയമാണ് അവസാനത്തേത്.

എം പി വീരേന്ദ്ര കുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്ന് നടക്കും. വൈകിട്ടോടെ ഉപ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കും.