Covid19
മുസഫര്‍നഗറില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേര്‍ മുങ്ങി

മുസഫര്‍നഗര്‍| യു പിയിലെ മുസഫര്‍നഗറില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേര്‍ ഒളിവില്‍. പരിശോധനാ സമയത്ത് അവര്‍ നല്‍കിയത് തെറ്റായ വിവരങ്ങളും ഫോണ്‍ നമ്പറുമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനാല്‍ ഇവിരെ കണ്ടെത്താനാകാതെ പ്രയാസം നേരിടുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രണ്ട് പേര്‍ ആശുപത്രി ജീവനക്കാര്‍ എന്ന പേരിലും ഒരാള്‍ സാകേത് കോളനി നിവാസി എന്ന പേരിലുമാണ് അഡ്രസ്സ് നല്‍കിയിരുന്നത്. പരിശോധനാഫലം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ സാകേത് കോളനിയിലും ആശുപത്രിയിലും എത്തിയെങ്കിലും മൂന്ന് പേരെയും കണ്ടെത്താനായില്ല. ഈ സമയത്താണ് അവര്‍ നല്‍കിയത് തെറ്റായ വിവരങ്ങളാണെന്ന് മനസ്സിലാക്കിയതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ ചോപട പറഞ്ഞു.
മൂന്ന് പേരെയും കണ്ടെത്തുന്നതിനായി ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, സംഭവത്തെ തുടര്‍ന്ന് പരിശോധനക്കെത്തുന്നവരില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശഖരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.