Connect with us

Idukki

ഇടുക്കി ചിന്നക്കനാലില്‍ കൈയേറിയ അമ്പതേക്കറിലധികം വരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചു

Published

|

Last Updated

ഇടുക്കി | മൂന്നാര്‍ ചിന്നക്കനാലില്‍ അമ്പതേക്കറിലധികം വരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചു. വെള്ളൂക്കുന്നേല്‍ കുടുംബം കൈയേറി കൈവശം സൂക്ഷിച്ചിരുന്ന ഭൂമിയാണ് തിരിച്ചുപിടിച്ചത്. ഇവിടെ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ നേരിട്ടെത്തി നടപടികള്‍ക്കു നേതൃത്വം നല്‍കി. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയവര്‍ക്കെതിരേ കേസെടുക്കുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിന്നക്കനാലില്‍ ലോക്ക് ഡൗണിന്റെ മറവില്‍ കൈയേറ്റങ്ങള്‍ നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.

ചിന്നക്കനാല്‍ സിമന്റ് പാലത്ത് സര്‍വേ നമ്പര്‍ 20/1ല്‍പെട്ട 21 ഏക്കര്‍ 30 സെന്റ്, ചിന്നക്കനാല്‍ മൗണ്ട്ഫോര്‍ട്ട് സ്‌കൂളിന്റെ സമീപത്തുള്ള സര്‍വേ നമ്പര്‍ 517, 518, 520, 526, 577 എന്നിവയില്‍ ഉള്‍പ്പെട്ട 18 ഏക്കര്‍ 30 സെന്റ്, സര്‍വേ നമ്പര്‍ 20/1ല്‍പെട്ട 1 ഏക്കര്‍ 74 എന്നിവയാണ് ഇന്നലെ തിരിച്ചുപിടിച്ചത്. കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുമായി മുമ്പോട്ട് പോകുമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി.

റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഏക്കര്‍ കണക്കിന് ഭൂമി പലരും കൈയേറി കൈവശപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചത്.

Latest