Kerala
യു എ ഇ റെഡ് ക്രസന്റുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ നല്‍കണം; ചീഫ് സെക്രട്ടറിക്ക് ഇ ഡി നോട്ടീസ്

തിരുവനന്തപുരം | ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ യു എ ഇ റെഡ് ക്രസന്റുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ വിശദ വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് (ഇ ഡി). റെഡ് ക്രസന്റില്‍ നിന്ന് ഫണ്ട് വാങ്ങിയത് വിദേശകാര്യ മന്ത്രാലയത്തെ ഏതെങ്കിലും രീതിയില്‍ അറിയിച്ച ശേഷമായിരുന്നോ എന്നാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ നോട്ടീസില്‍ ഇ ഡി ചോദിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് പണിയാനായി ലൈഫ് പദ്ധതിയിലൂടെ ഫണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിന്റെ വിവരങ്ങളും തേടിയിട്ടുണ്ട്.
വിഷയത്തിലെ കൂടിയാലോചനകള്‍ക്കായി ചേര്‍ന്ന യോഗങ്ങളുടെ മിനുട്‌സ്, ലഭിച്ച നിയമോപദേശം, കരാര്‍ രേഖകള്‍ എന്നിവ നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഒരു വിദേശ ഏജന്‍സിയില്‍ നിന്ന് ഫണ്ട് സ്വീകരിക്കുമ്പോള്‍ കേന്ദ്രാനുമതി തേടിയിരുന്നോ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉന്നയിച്ചിരിക്കുന്ന പ്രധാന ചോദ്യം. എന്നാല്‍, വിദേശ സര്‍ക്കാറില്‍ നിന്ന് ഫണ്ട് വാങ്ങുകയാണെങ്കില്‍ മാത്രമേ കേന്ദ്രസര്‍ക്കാറിന്റെ അനുമതി വാങ്ങേണ്ടതുള്ളൂവെന്ന് നിയമ മന്ത്രി എ കെ ബാലന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരു സ്വകാര്യ ഏജന്‍സിയില്‍ നിന്ന് ഫണ്ട് വാങ്ങാന്‍ കേന്ദ്രാനുമതി വേണ്ടെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. കേന്ദ്ര സര്‍ക്കാര്‍ ഈ വാദത്തെ അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിരുന്നു പണമെങ്കില്‍ കേന്ദ്രാനുമതി വേണ്ടിയിരുന്നില്ലെന്നും എന്നാല്‍ ഒരു പദ്ധതിക്കു വേണ്ടി നേരിട്ട് ഫണ്ട് വാങ്ങുമ്പോള്‍ ഉറപ്പായും കേന്ദ്രാനുമതി വേണമെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
നേരത്തേ, ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട യോഗങ്ങളുടെയും കരാര്‍ ഒപ്പുവച്ച യോഗത്തിന്റെയും മിനുട്‌സും രണ്ട് ധാരണാപത്രങ്ങളും ലൈഫ് മിഷന്‍ സി ഇ ഒ. യു വി ജോസിനോട് എന്‍ഫോഴ്‌സ്‌മെന്റ് തേടിയിരുന്നു. ഇതുപ്രകാരം യു എ ഇ റെഡ് ക്രസന്റുമായി ഒപ്പുവച്ച ധാരണാപത്രവും നിര്‍മാണക്കരാര്‍ യൂനിടാകിന് നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള അനുമതി പത്രവും യു വി ജോസ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കി. യോഗങ്ങളുടെ മിനുട്‌സ് നല്‍കിയിരുന്നില്ല. മിനുട്‌സില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയിരുന്നത്.