Connect with us

International

നവാല്‍നിയുടെ നില കൂടുതല്‍ വഷളായി; ജര്‍മനിയിലേക്കു കൊണ്ടുപോകാനാകില്ലെന്ന് ഡോക്ടര്‍മാര്‍

Published

|

Last Updated

മോസ്‌കോ | വിമാന യാത്രക്കിടെ കുഴഞ്ഞുവീണ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി (44)യുടെ നില കൂടുതല്‍ വഷളായി. വിദഗ്ധ ചികിത്സക്കായി നവാല്‍നിയെ ജര്‍മനിയിലേക്ക് കൊണ്ടുപോകാന്‍ നേരത്തെ ആലോചിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെ ഗുരുതരമായതിനാല്‍ നിലവില്‍ അതിനു കഴിയാത്ത സ്ഥിതിയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്നലെ മുതല്‍ അബോധാവസ്ഥയിലാണ് അദ്ദേഹം. ഡോക്ടര്‍മാരുടെ നിലപാട് നവാല്‍നിയുടെ ജീവന് വലിയ ഭീഷണിയായിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അനുകൂലികള്‍ പ്രതികരിച്ചു. ചികിത്സ നല്‍കാന്‍ തയാറാണെന്ന് ജര്‍മന്‍ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും നവാല്‍നിയുടെ വിശ്വസ്തനായ ലിയോനിഡ് വോള്‍കോവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജര്‍മനിയില്‍ നിന്നുള്ള മെഡിക്കല്‍ സജ്ജീകരണങ്ങളുള്ള വിമാനം സൈബീരിയന്‍ നഗരമായ ഓംസ്‌കില്‍ കാത്തുനില്‍ക്കുകയാണെന്നും വോള്‍കോവ് അറിയിച്ചു. ഓംസ്‌കിലെ ആശുപത്രിയിലാണ് നവാല്‍നിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.

വ്ളാദിമിര്‍ പുടിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളായ നവാല്‍നിയെ പ്രതിയോഗികളാരോ വിഷം കൊടുത്തതാണെന്നാണ് അനുകൂലികളുടെ ആരോപണം. മോസ്‌കോയിലേക്ക് പോകാനിരിക്കുന്നതിനിടെ ടോംസ്‌ക് സിറ്റിയിലെ വിമാനത്താവളത്തിലുള്ള ഒരു കഫേയില്‍ വച്ച് ചായയില്‍ വിഷം കലര്‍ത്തി നല്‍കിയതാണെന്നാണ് അവര്‍ സംശയിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷാംശമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുറഞ്ഞ രക്തസമ്മര്‍ദമാണ് നവാല്‍നി കുഴഞ്ഞു വീഴാന്‍ കാരണമായതെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായതെന്നും അവര്‍ വ്യക്തമാക്കുന്നു.

ഭരണതലത്തില്‍ അഴിമതി നടക്കുന്നതായി നിരന്തരമായി ആരോപിക്കുന്നയാളാണ് അലക്‌സി നവാല്‍നി. പല തവണ അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടി വരികയും ചെയ്തു. നവാല്‍നിയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ പ്രസ്താവിച്ചിരുന്നു.

മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ അലക്സി നവാല്‍നിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ഓസ്‌കില്‍ ഇറക്കുകയായിരുന്നു.
വിമാനത്താവളത്തിലെ കഫേയില്‍ നിന്ന് കുടിച്ച ചായയില്‍ ആരോ വിഷം കലര്‍ത്തിയെന്നാണ് അലക്സിയുടെ അനുയായികള്‍ ആരോപിക്കുന്നത്. വിമാനത്തിനുള്ളില്‍ വെച്ച് അലക്സി ഒന്നും കഴിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനി പറയുന്നു. പക്ഷേ, വിമാനത്തില്‍ കയറും മുമ്പ് വിമാനത്താവളത്തില്‍ നിന്നെടുത്ത ചിത്രത്തില്‍ ചൂട് ചായ ഊതി കുടിക്കുന്ന അലക്സിയെ കാണാം. ഈ ചായയിലൂടെയാകും അദ്ദേഹത്തിന്റെ ഉള്ളില്‍ വിഷം എത്തിയത്. വിമാനത്തില്‍ കയറി മിനുട്ടുകള്‍ക്കുള്ളിലാണ് അദ്ദേഹം അബോധാവസ്ഥയിലാകുന്നത്. അലക്സിക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലായിരുന്നുവെന്ന് ഭാര്യയും കുടുംബവും വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നില്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പക്ഷേ ഇത് തള്ളി പുടിന്റെ വക്താവ് രംഗത്തെത്തിയിട്ടുണ്ട്.