Connect with us

International

റഷ്യൻ പ്രതിപക്ഷ നേതാവ് അതീവ ഗുരുതരാവസ്ഥയിൽ; ജർമനിയിലേക്ക് മാറ്റിയേക്കും

Published

|

Last Updated

മോസ്‌കോ | വിഷബാധയെ തുടർന്ന് കുഴഞ്ഞുവീണ വ്‌ളാദിമിർ പുടിന്റെ വിമർശകരിൽ ഒരാളും റഷ്യൻ പ്രതിപക്ഷ നേതാവുമായ അലക്‌സി നവാൽനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ട്. നിലവിൽ അബോധാവസ്ഥയിലുള്ള അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ജർമനിയിലേക്ക് മാറ്റും. നവാൽനിയുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് ജർമൻ ചാൻസിലർ ആംഗല മെർക്കൽ പ്രതികരിച്ചു.

സൈബീരിയൻ നഗരമായ ടോംസ്‌ക്കിൽനിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് 44 കാരനായ അലക്‌സി നവാൽനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് വിമാനം അടിയന്തിരമായി ഓസ്‌ക്കിൽ ഇറക്കുകയായിരുന്ന.
വിമാനത്താവളത്തിലെ കഫേയിൽ നിന്ന് കുടിച്ച ചായയിൽ ആരോ വിഷം കലർത്തിയെന്ന് അലക്‌സിയുടെ അനുയായികൾ ആരോപിച്ചു.വിമാനത്തിനുള്ളിൽ വെച്ച് അലക്‌സി ഒന്നും കഴിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനി പറയുന്നു. പക്ഷേ, വിമാനത്തിൽ കയറും മുമ്പ് വിമാനത്താവളത്തിൽ നിന്നെടുത്ത ചിത്രത്തിൽ ചൂട് ചായ ഊതി കുടിക്കുന്ന അലക്‌സിയെ കാണാം. ഈ ചായയിലൂടെയാകും അദ്ദേഹത്തിൻറെ ഉള്ളിൽ വിഷം എത്തിയതെന്നാണ് സംശയം. വിമാനത്തിൽ കയറി മിനിറ്റുകൾക്കുള്ളിലാണ് അദ്ദേഹം അബോധാവസ്ഥയിലാകുന്നത്. അതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു.

അലക്‌സിക്ക് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്ന് ഭാര്യയും കുടുംബവും വ്യക്തമാക്കുന്നു. അലക്‌സിയെ ചികിത്സിക്കുന്ന ആശുപത്രിക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നിൽ പ്രസിഡന്റ് വ്‌ലാദിമിർ പുടിന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പക്ഷേ ഇത് തള്ളി പുടിന്റെ വക്താവ് രംഗത്തെത്തിയിട്ടുണ്ട്.

Latest