Connect with us

Kerala

കൊവിഡ്: ഫോണ്‍ വിവരങ്ങള്‍ 14 ദിവസത്തിനകം നശിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി | കൊവിഡ് രോഗികളുടെ റൂട്ട്മാപ്പ് തയ്യാറാക്കാനായി ശേഖരിക്കുന്ന ഫോണ്‍ വിവരങ്ങള്‍ 14 ദിവസത്തിനകം നശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

ടവര്‍ ലൊക്കേഷന്‍ മാത്രമാണ് സേവനദാതാക്കളോട് ആവശ്യപ്പെട്ടത്. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു.

കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നാണ് ചെന്നിത്തല ഹര്‍ജിയില്‍ ആരോപിച്ചത്. രോഗികള്‍ ക്വാറന്റീന്‍ ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ ടവര്‍ ലൊക്കേഷന്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹരജി പരിഗണിച്ച കോടതി വെള്ളിയാഴ്ചക്കകം വിശദീകരണ പത്രിക സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയായിരുന്നു.