Kerala
അഭിക്ക് പാറുക്കുട്ടിയെ ജീവനാണ്, അവള്‍ക്ക് തിരിച്ചും; അസാധാരണമായ ഒരു സൗഹൃദത്തിന്റെ കഥ

കോഴിക്കോട് | അഭിക്ക് പാറുക്കുട്ടിയെ ജീവനാണ്, അവള്‍ക്ക് തിരിച്ചും. അതുകൊണ്ട് തന്നെയാണ് കുറുമ്പല്‍പ്പം കൂടുതലുള്ള പാറുക്കുട്ടി അവനെ തന്റെ മുതുകില്‍ നിന്നും വീഴ്ത്തിയിടാഞ്ഞതും. പാറുവെന്ന പാര്‍വ്വതി നാലര വയസ്സുകാരിയായ കുതിരയാണ്. അഭി അവളുടെ യജമാനന്റെ മകനും. ഇവര്‍ക്കിടയിലെ സൗഹൃദത്തിനു പിന്നില്‍ അടങ്ങാത്ത ഒരാഗ്രഹത്തിന്റെ കഥയുണ്ട്.
ബീച്ചില്‍ വച്ച് ആദ്യമായി കുതിരപ്പുറത്ത് കയറിയപ്പോഴാണ് ഒരു കുതിരയെ സ്വന്തമാക്കണമെന്നുള്ള ആഗ്രഹം അഭിജിത്തിനുണ്ടായത്. കാര്യം വീട്ടുകാര്‍ക്കും നൂറ് വട്ടം സമ്മതം. അങ്ങനെ ഒരു കുതിരയെ അഭിജിത്ത് സ്വന്തമാക്കി. കുതിരയെ വീട്ടില്‍ കൊണ്ട് വന്നതോടെ അച്ഛനേക്കാള്‍ കമ്പം നാലര വയസ്സുകാരനായ മകന്‍ അഭിറാമിനായി. കുതിരവട്ടം റോഡില്‍ വൈകുന്നേരങ്ങളിലെ കുതിരപ്പുറത്തേറിയുള്ള അച്ഛന്റേയും മകന്റേയും കറക്കം വഴിയേ പോകുന്നവര്‍ക്ക് കൗതുകമാണെങ്കിലും ദേശപോഷിണി വായനശാലക്ക് സമീപത്തെ നാട്ടുകാര്‍ക്ക് ഇതൊരു പതിവു കാഴ്ച്ചയാണ്. അഭിജിത്ത് പാറുകുട്ടിയെ കൊണ്ട് വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളുവെങ്കിലും മകന്‍ അഭിറാം പാറുവിനെ കറക്കിയെടുത്തത് വെറും രണ്ട് ദിവസം കൊണ്ടാണ്. രണ്ടാം ദിവസം തന്നെ അഭിറാം പാറുവിന്റെ പുറത്ത് കയറി റോഡിലിറങ്ങി.
മാര്‍വാരിയിനത്തില്‍പ്പെട്ട കുതിരയാണ് പാറു. പഞ്ചാബില്‍ നിന്ന് സുഹൃത്ത് വഴിയാണ് പാറുവിനെ വാങ്ങിയത്. അഭിജിത്തിന് കുതിരക്കമ്പം തലക്കുപിടിച്ചിട്ട് നാളേറെയായെങ്കിലും സ്വന്തമായി ഒന്നിനെ വാങ്ങുന്നത് കഴിഞ്ഞ വര്‍ഷമാണ്. ആദ്യം വാങ്ങിയത് ഇഗ്ലീഷ് ബ്രീഡില്‍പ്പെട്ട കുതിരയേയായിരുന്നു. അത് നന്നായി ഇണങ്ങിയിരുന്നുവെങ്കിലും മാര്‍വാരി ഇനത്തില്‍പെട്ട കുതിരകള്‍ക്ക് രോഗ പ്രതിരോധ ശേഷി കൂടിയതിനാല്‍ ആദ്യത്തേതിനെ കൊടുത്ത് പാറുവിനെ വാങ്ങുകയായിരുന്നു.
ഒരു മുയലിനേയോ കിളിയേയോ വളര്‍ത്തുന്നത് പോലെ അത്ര എളുപ്പമുള്ളതല്ല ഒരു കുതിരയെ വളര്‍ത്തുന്നതെന്ന് അഭിജിത്ത് പറയുന്നു. നഗരത്തില്‍ താമസിക്കുന്നതിനാല്‍ സ്ഥല സൗകരൃം വലിയ പ്രശ്നം തന്നെയാണ്. അതിനാല്‍ കുതിരക്കമ്പം കൂടിയപ്പോള്‍ തന്നെ ആദ്യം കുതിരക്കുളള ലായം മുറ്റത്തൊരുക്കി. കുതിരക്ക് നില്‍ക്കാനും കിടക്കാനും സൗകര്യമുള്ള വലിയൊരു ഷെഡ്ഡും അതിന്റെ തറയില്‍ അടി ഭാഗത്തായി വലിയ ടാങ്കും നിര്‍മ്മിച്ചിട്ടുണ്ട്. കുതിരയുടെ പ്രധാന ഭക്ഷണം പുല്ലും മുതിരയും ഗോതമ്പുമാണെങ്കിലും പാറുവിന്റെ ഇഷ്ട ഭക്ഷണം കടല മിഠായിയും ബിസ്‌ക്കറ്റുമാണ്. ഭക്ഷണത്തിനായി ഒരു ദിവസം ഏകദേശം 250-300 രൂപ ചിലവ് വരുമെന്ന് അഭിജിത്ത് പറയുന്നു. പാറുവിനെ കൂടാതെ രാജസ്ഥാനില്‍ നിന്ന് രണ്ട് കുതിരകളെ കൂടി അഭിജിത്ത് കൊണ്ട് വരുന്നുണ്ട്. ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവയുമെത്തും. ഇവ കൂടെ എത്തിക്കഴിഞ്ഞാല്‍ കോഴിക്കോട് സ്വന്തമായി ഒരു റൈഡിങ്ങ് സംരംഭം തുടങ്ങണമെന്നാണ് അഭിജിത്തിന്റെ ലക്ഷ്യം. കോഴിക്കോട് വൈ എം സി എ റോഡിലെ ഐ സി ഐ സി ഐ ബാങ്ക് മാനേജറാണ് അഭിജിത്ത്.
കുതിരയെ വളര്‍ത്തുന്നത് കൂടാതെ അലങ്കാര മത്സ്യവും മുയലിനേയും നായയേയും കോഴികളെയും താറാവിനേയുമെല്ലാം അഭിജിത്ത് വീട്ടില്‍ വളര്‍ത്തുന്നുണ്ട്. അച്ഛന്‍ സദാനന്ദനും അമ്മ പ്രസന്നയും ഭാര്യ ജീഷീനയും അഭിജിത്തിന് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്.