Connect with us

Kerala

ലൈഫ് പദ്ധതി: കണ്‍സള്‍ട്ടന്‍സിയെ മാറ്റില്ലെന്ന് മന്ത്രി എ കെ ബാലന്‍

Published

|

Last Updated

തിരുവനന്തപുരം | ലൈഫ് മിഷന്‍ പദ്ധതിയില്‍ കണ്‍സള്‍ട്ടന്‍സിയെ ഒരു നിലക്കും മാറ്റില്ലെന്ന് നിയമ മന്ത്രി എകെ ബാലന്‍. ഈ കണ്‍സള്‍ട്ടന്‍സിയെ കൊണ്ട് തന്നെ പണി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കുന്ന പദ്ധതിക്ക് എതിരെ തിരിയുന്ന പ്രതിപക്ഷത്തിന്റെത് രാജ്യദ്രോഹപരമായ സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ പറ്റിയതിന്റെ ഉത്തരവാദിത്വം സര്‍ക്കാറിന്റെ തലയില്‍ വെക്കേണ്ട. നാലേകാല്‍ കോടിയിലേറെ രൂപയുടെ കമ്മീഷന്‍ ഇടപാട് നടന്നതായി കൈരളി ടിവിയിലെ ജോണ്‍ ബ്രിട്ടാസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ഒരു കോടിയുടെ കാര്യം മാത്രമാണ് പ്രതിപക്ഷം പറയുന്നത്. മറ്റു കമ്മീഷന്‍ ഇടപാടുകളെ കുറിച്ച് പ്രതിപക്ഷം അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു.

ലൈഫ് മിഷന്‍ കരാര്‍ നിയമവകുപ്പ് കാണ്ടേതില്ല. നിയമനിര്‍മാണവും ഭരണപരവുമായ കാര്യങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി. എസ്ഒപി ഗൈഡ്‌ലൈന്‍ പ്രകാരമാണ് ധാരണാപത്രം തയ്യാറാക്കിയത്. ലൈഫ് മിഷനില്‍ നിയമവകുപ്പ് പറഞ്ഞത് ധാരണാപത്രത്തില്‍ ഉള്‍പെട്ടിട്ടുണ്ട്. ധാരണാപത്രം നിയമവകുപ്പ് എതിര്‍ത്തിട്ടില്ല. എംഒയു സര്‍ക്കാര്‍ താത്പര്യത്തിന് എതിരാണെന്ന് നിയമവകുപ്പ് പറഞ്ഞിട്ടില്ലെന്നും ലോ സെക്രട്ടറി പറഞ്ഞതിന് അപ്പുറം മന്ത്രിക്ക് റൂള്‍ ചെയ്യാനാവില്ലെന്നും മന്ത്രി വിശദീകരിച്ചു.

ശിവശങ്കര്‍ കെഎസ്ഇബി ചെയര്‍മാനായിരിക്കെ ബോര്‍ഡിന് 427 കോടി രൂപയുടെ അധിക ബാധ്യതയുള്ള കരാറുണ്ടാക്കിയിട്ടുണ്ട്. ഇത് ശരിയാണോ എന്ന് പ്രതിപക്ഷം പരിശോധിക്കണം. അവിശ്വാസ പ്രമേയത്തില്‍ സര്‍ക്കാറിന് യാതൊരു ആശങ്കയുമില്ല. യുഡിഎഫ് കാലാത്തായിരുന്നുവെങ്കില്‍ കേരളത്തില്‍ പട്ടിണി മരണം ഉണ്ടാകുമായിരുന്നുവെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.

Latest