Connect with us

Articles

കൊവിഡാനന്തരം ആര് അതിജയിക്കും?

Published

|

Last Updated

ലോക ചരിത്രത്തില്‍ ഉടലെടുത്ത ഏത് പ്രതിസന്ധികളെയും അതാത് കാലങ്ങള്‍ അതിജീവിച്ചിട്ടുണ്ട്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ മുതല്‍ മനുഷ്യരാശിക്കു മേല്‍ അശനിപാതം പോലെ വന്നുഭവിച്ച പ്രകൃതി ദുരന്തങ്ങളും മഹാമാരികളും മനുഷ്യന്റെ നിലനില്‍പ്പിനെ പോലും ചോദ്യം ചെയ്യുന്ന തലത്തിലേക്ക് വളര്‍ന്ന് ഭീമാകാരമായ അന്തരീക്ഷം സൃഷ്ടിച്ച ചരിത്രമുണ്ട്. “ഇനി ഇവിടെ വാസം സാധ്യമോ” എന്ന കവിതാ വരിയെ അനുസ്മരിപ്പിക്കുന്ന തരത്തിലേക്ക് വളര്‍ന്നു പന്തലിച്ച കൂട്ടമരണങ്ങള്‍ കൊണ്ടുവന്ന രോഗാണുക്കള്‍ പോലും അതിന്റെയൊക്കെ സംഹാര താണ്ഡവത്തിനു ശേഷം പതുക്കെ പത്തി താഴ്ത്തുകയോ ശാസ്ത്രം കീഴ്‌പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഈ കൊവിഡ് കാലവും ലോകം അതിജീവിക്കും എന്നു തന്നെ കരുതാം. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ മൂലം നഷ്ടപ്പെട്ടതിലേറെ മനഷ്യജീവന്‍ സ്പാനിഷ് ഫ്‌ളൂ മൂലം നഷ്ടപ്പെട്ടതായി പറയുന്നു. ശരിക്കും ഒരു നൂറ്റാണ്ടിനു മുമ്പാണ് ലോകം സ്പാനിഷ് ഫ്‌ളൂവിന്റെ മരണ വിളയാട്ടത്തിന് സാക്ഷിയായത്. അഞ്ച് കോടി മനുഷ്യ ജീവനുകളെ അത് അപഹരിച്ചുകളഞ്ഞു. തീര്‍ച്ചയായും അന്നൊക്കെ ലോക ജനതയില്‍ പലരും, ഇനി ഒരു പൂര്‍വസ്ഥിതി ലോകത്തിനുണ്ടാകുമെന്ന് കരുതിയിട്ടുണ്ടാകില്ല. ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ലോകം അതിനെ അതിജീവിച്ചെങ്കിലും അതിനു ശേഷമുള്ള ലോകത്തിന്റെ സാമ്പത്തിക ഘടനയിലും ജീവിത രീതികളോടുള്ള സമീപനങ്ങളിലും വലിയ പൊളിച്ചെഴുത്തിന് അത് കാരണമായിരുന്നു.

ലോക മഹായുദ്ധങ്ങളെ അതിജീവിച്ചതിനു ശേഷവും മനുഷ്യരുടെ പല കണക്കുകൂട്ടലുകളും തകിടം മറിഞ്ഞതായാണ് ചരിത്രം. സാങ്കേതികമായ കണ്ടുപിടിത്തങ്ങളും അത് മൂലം സൃഷ്ടിച്ചെടുക്കേണ്ട പല പ്രതിരോധ തന്ത്രങ്ങളും ഇല്ലാതെ പോയാല്‍ യുദ്ധാനന്തര കാലത്ത് നിലനില്‍പ്പ് പോലും അപകടത്തിലാകുമെന്ന് പല രാജ്യങ്ങളും ചിന്തിച്ചു. അമേരിക്ക വര്‍ഷിച്ച അണുബോംബുകളുടെ സംഹാരത്തില്‍ തകര്‍ന്നടിഞ്ഞ ജപ്പാന്‍ പോലുള്ള ഒരു രാജ്യം പിന്നീട് അതിനെ അതിജീവിച്ച് ലോകത്തിനു മുമ്പില്‍ എഴുന്നേറ്റുനിന്ന ചരിത്രം ഒരു അനിഷേധ്യ സത്യമായി നിലനില്‍ക്കുന്നു. അതുപോലെ വിയറ്റ്‌നാം ജനത പ്രകടിപ്പിച്ച ഇച്ഛാശക്തിയും പ്രതിരോധ മാര്‍ഗവും അതിജീവനത്തിന്റെ വലിയൊരു പാഠമാണ് ലോകത്തിന് സമ്മാനിച്ചത്.
കൊവിഡാനന്തര ലോകത്ത് സംഭവിച്ചേക്കാവുന്ന വലിയൊരു മാറ്റം എന്നത് ഒറ്റപ്പെടലിന് വിധേയമാകുന്ന മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചില സര്‍ഗാത്മക അടയാളപ്പെടുത്തലുകളാകും. ആല്‍ബര്‍ട്ട് കമ്യൂവിന്റെ “പ്ലേഗ്” എന്ന സാഹിത്യ സൃഷ്ടിക്ക് സമാനമായ എന്തെങ്കിലും കൊവിഡാനന്തരം രൂപപ്പെട്ടു കൂടായ്കയില്ല. അതിലേക്കുള്ള നീക്കങ്ങള്‍ അണിയറയില്‍ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഇപ്പോള്‍ തന്നെ നടക്കുന്നുണ്ടാകും.
ഇന്തോനേഷ്യയിലെ ജാവക്കും സുമാത്രക്കും ഇടയിലെ സുന്ദരമായ ഒരു കടലിടുക്കില്‍ സ്ഥിതിചെയ്യുന്ന ക്രാക്കത്തോവ അഗ്‌നിപര്‍വതത്തില്‍ സംഭവിച്ച ഒരു പൊട്ടിത്തെറി മൂലം 36,000 പേരുടെ ജീവനെടുത്ത ചരിത്രമുണ്ട്. എന്നാല്‍ അതിനെ ആസ്പദമാക്കി ഉണ്ടായ ഒരു ചിത്രം ലോകത്തിലെ ഏറ്റവും വിലകൂടിയ ഒന്നായി മാറിയതും ചരിത്രം. എഡ്വാര്‍ഡ് മുങ്കിന്റെ “ദി സ്‌ക്രീം” എന്ന ചിത്രമായിരുന്നു അത്. അടച്ചുപൂട്ടലിന്റെ ഒരു കാലത്തിലിരുന്നാണ് ഐസക് ന്യൂട്ടണ്‍ ലോക ചിന്തകളില്‍ തന്നെ വിസ്‌ഫോടനം സൃഷ്ടിച്ച കണ്ടുപിടിത്തങ്ങള്‍ നടത്തിയതെന്നും പറയപ്പെടുന്നുണ്ട്. ഇങ്ങനെ മാറ്റം എന്നത് നാമറിയാതെയും ബോധപൂര്‍വമല്ലാതെയും സംഭവിച്ചേക്കാം.
സാമ്പത്തിക രംഗത്ത് വമ്പിച്ച അഴിച്ചുപണി നടക്കാതെ തരമുണ്ടാകില്ല. ഒരുപക്ഷേ, അതിജീവനാനന്തരം ആരാകും ലോകത്തിലെ വന്‍ ശക്തിയാകുക എന്നതില്‍ പോലും ഇപ്പോഴത്തെ മാനദണ്ഡങ്ങള്‍ ഒക്കെ മാറി മറിഞ്ഞേക്കും. അതിലേക്കുള്ള സൂചനകള്‍ ഇപ്പോള്‍ തന്നെ വന്നുതുടങ്ങി. ഏതൊക്കെ ജനത എങ്ങനെയൊക്കെ ഈ അതിജീവന കാലത്തെ നേരിടും? പ്രസക്തമായ ഒരു ചിന്തക്ക് വിഷയീഭവിക്കേണ്ട ഒന്നാണിത്. ഇന്ത്യയില്‍ നടക്കുന്ന മാറ്റങ്ങളെ എങ്ങനെ ഫാസിസ്റ്റ് ചിന്താഗതിക്കും അപരമത വിദ്വേഷത്തിനും വളമാക്കാം എന്ന ചിന്തയിലാണ് ഇന്ത്യന്‍ ഭരണകൂടം ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതിന്റെ പല റിഹേഴ്‌സലുകളും ഉത്തരേന്ത്യയിലൊട്ടാകെ നടന്നുകൊണ്ടിരിക്കുന്നു. അതില്‍ അവര്‍ വിജയിക്കുകയാണെങ്കില്‍ കൊവിഡാനന്തരവും ഭരണകൂടത്താല്‍ ഇരയാക്കപ്പെടുന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ തന്നെയാകും. അതുകൊണ്ടുതന്നെ കൊവിഡിനെതിരെയുള്ള പ്രതിരോധം തീര്‍ക്കുന്നതോടൊപ്പം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും മതേതര ചിന്താഗതിക്കാരും വരാന്‍ പോകുന്ന വിപത്തിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ ജാഗരൂകരാകേണ്ടതുണ്ട്.
സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളാകെ വലിയ പരിവര്‍ത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താക്കളാകാന്‍ കോര്‍പറേറ്റുകള്‍ തന്നെയാകും കരുക്കള്‍ നീക്കുക. ഇന്ത്യയിലെ ഫാസിസവും മതവര്‍ഗീയതയും കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒന്നായതിനാല്‍ ഇവിടുത്തെ പല തരത്തിലുമുള്ള പാര്‍ശ്വവത്കൃത ജനതക്ക് അതിജീവനം എന്നത് ഒന്നുകൂടി ദുഷ്‌കരമാകുമെന്നര്‍ഥം. അതുകൊണ്ടുതന്നെ മാറുന്ന കൊവിഡാനന്തര ലോകത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കൂടുതല്‍ പരുക്കേല്‍ക്കാന്‍ സാധ്യത ഏറെയാണ്.

കൊവിഡിന്റെ മൂലകാരണം അന്വേഷിക്കുമ്പോള്‍ ലോകത്തൊട്ടാകെ അമേരിക്കന്‍ ചേരി ചൈനയെ പ്രതിക്കൂട്ടിലാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ചൈനയാണെങ്കില്‍ ആകും വിധം അതിനെ പ്രതിരോധിക്കുന്നുമുണ്ട്. അതിനാല്‍ മാറുന്ന ലോകത്തിന്റെ ആധിപത്യം ആരുടെ കൈയിലാകും എന്നത് മുന്‍കൂട്ടി പ്രവചിക്കാനാകാത്ത അവസ്ഥയാണ്.
ഇന്ത്യയില്‍ കൊവിഡാനന്തരം ഭരണകൂടത്തിനെതിരായ പ്രായോഗികമായ ഒരു ബദല്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇവിടുത്തെ മതേതര ചേരിയും പ്രധാന പ്രതിപക്ഷങ്ങളും വിജയിക്കില്ലെന്നു വേണം കരുതാന്‍. കൊവിഡിനെ ചെറുക്കുന്നതില്‍ ഏറെ പരാജയം ഏറ്റുവാങ്ങിയ ഭരണകൂടമാണ് ഇന്ത്യയിലെങ്കിലും അത് യഥാവിധി തുറന്നുകാട്ടുന്നതിലും ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിലും ഭരണ വിരുദ്ധര്‍ക്കിവിടെ കഴിയാതെ പോയി. അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവുമാകുമെന്ന് ഇപ്പോള്‍ തന്നെ കണക്കു കൂട്ടാവുന്നതേയുള്ളൂ.

ഇന്ത്യയിലെ വന്‍കിട മീഡിയകളുടെയും ഇന്ത്യന്‍ ജുഡീഷ്യറിയുടെയും നല്ലൊരു പങ്ക് ഈ കൊവിഡ് കാലത്ത് ഭരണകൂടത്തിന് താങ്ങായി നിന്നതാണ് ഇങ്ങനെയൊരവസ്ഥ സംജാതമാകുന്നതില്‍ പ്രധാന കാരണമായി വരുന്നത്. അമേരിക്ക, ബ്രിട്ടന്‍, ബ്രസീല്‍ തുടങ്ങിയ പല രാജ്യങ്ങളിലും അവിടുത്തെ മീഡിയകള്‍ ഭരണകൂട വൈകല്യങ്ങള്‍ക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു എന്നത് കാണാതിരുന്നുകൂടാ.

ചുരുക്കത്തില്‍, ഒരു അതിജീവനം എന്നത് ലോകത്തൊട്ടാകെ സംഭവിക്കുമെന്നുറപ്പായി കരുതണം. കാരണം അത് ചരിത്രത്തിന്റെ ഒരു കാവ്യനീതി കൂടിയാണ്. ആ അതിജീവന കാലത്ത് പിടിച്ചുനില്‍ക്കാന്‍ ഇരകള്‍ ഇപ്പോഴേ പ്രായോഗികമായ പ്രതിരോധത്തിന്റെ കരുനീക്കങ്ങള്‍ നടത്തിയേ തീരൂ. ഇന്ത്യയില്‍ ഇങ്ങനെയൊരു നീക്കം കരുതലോടെ നടത്തിയില്ലെങ്കില്‍ അതിജീവന കാലത്തും ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരായി ഇവിടുത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതം ബാക്കിയാകും.

Latest