Connect with us

Kerala

പെരിയ ഇരട്ടക്കൊലപാതക കേസ്: അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന് സി ബി ഐ ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി  | പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന് സി ബി ഐ ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജി കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാലാണ് അന്വേഷണം തടസ്സപ്പെട്ടത്. കേസ് ഏറ്റെടുത്ത് എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അപ്പീല്‍ വന്നതിനാല്‍ തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാനാകുന്നില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചു. നിയമപരമായും സാങ്കേതികപരമായുമുള്ള തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസന്വേഷണം തുടരാനാകുന്നില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചത്.

കേസ് നേരത്തെ ക്രൈം ബ്രാഞ്ച് ആയിരുന്നു അന്വേഷിച്ചത്. സി പി എം നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്താണ് കേസെടുത്തത്. പക്ഷേ, ഒരു ഘട്ടം വന്നപ്പോള്‍, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ കേസ് അന്വേഷണത്തില്‍ രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടെന്ന് ആരോപിച്ചു. അന്വേഷണത്തിന് മറ്റൊരു ഏജന്‍സി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് 2019 സെപ്തംബര്‍ 30ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് കേസ് സി ബി ഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഇതിനു ശേഷം വളരെ വേഗം തന്നെ സി ബി ഐ കേസിന്റെ എഫ് ഐ ആര്‍ എറണാകുളം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചു.

എന്നാല്‍, അതിനിടെ, അന്വേഷണം സി ബി ഐക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. ഡിവിഷന്‍ ബഞ്ച് ഹരജിയില്‍ വാദം കേട്ട ശേഷം വിധി പറയാന്‍ മാറ്റി. ഇതിനിടെ, ഇതിന്റെ വിധിക്ക് അനുസരിച്ച് മതി തുടരന്വേഷണമെന്ന് കോടതി വാക്കാല്‍ പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് സി ബി ഐ ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. രണ്ടു പ്രതികള്‍ ഇന്ന് ജാമ്യഹരജിയുമായി കോടതിയിലെത്തിയിരുന്നു. ഈയൊരു ഘട്ടത്തില്‍, അന്വേഷണം എന്തായി എന്ന് കോടതി സി ബി ഐ പ്രോസിക്യൂട്ടറോട് ആരായുകയായിരുന്നു.

---- facebook comment plugin here -----

Latest