Covid19
കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് യാചകൻ നൽകിയത് 90,000 രൂപ; അമ്പരന്ന് അധികാരികൾ
 
		
      																					
              
              
            മധുര| മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 90,000 രൂപ നൽകി മറ്റുള്ളവർക്ക് മാതൃകയായി യാചകൻ. മധുരൈ സ്വദേശിയായ പൂൾ പാണ്ഡ്യൻ എട്ട് തവണയായാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. മെയ് 18നാണ് സംഭാവനയായി 10,000 രൂപ ആദ്യം നൽകിയത്. പിന്നീട് എട്ട് പ്രാവശ്യമായി 10,000 രൂപ വീതം അധികാരികളെ ഏൽപ്പിക്കുകയായിരുന്നു.
തൂത്തുക്കുടി സ്വദേശിയാണ് പാണ്ഡ്യൻ. മക്കൾ ഉപേക്ഷിച്ചതോടെ ഭിക്ഷ യാചിക്കാൻ തുടങ്ങുകയായിരുന്നു. ജനങ്ങളിൽ നിന്ന് ദാനമായി ലഭിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആദരിക്കേണ്ടവരുടെ പട്ടികയിൽ ജില്ലാ കലക്ടർ പാണ്ഡ്യന്റെ പേരും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, സ്ഥിരമായി താമസ സ്ഥലമില്ലാത്തതിനാൽ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം അവസാനമായി 10,000 രൂപ സംഭാവനനൽകാൻ ജില്ലാ ആസ്ഥാനത്ത് എത്തിയപ്പോൾ അധികൃതർ പാണ്ഡ്യനെ കലക്ടറുടെ ചേമ്പറിൽ എത്തിക്കുകയും അവിടെ വെച്ച് ആദരിക്കുകയുമായിരുന്നു. ഇത് ആദ്യമായല്ല പാണ്ഡ്യൻ സംഭാവന നൽകുന്നത്. അടുത്തിടെ സർക്കാർ സ്‌കൂളിലേക്ക് മേശയും കസേരയും മറ്റ് സാധനങ്ങളും വാങ്ങുന്നതിനായി ഇദ്ദേഹം പണം സംഭാവനയായി നൽകിയിരുന്നു. ലോക്ക്ഡൗൺ സമയത്ത് മധുരയിൽ കുടുങ്ങിപോയ പാണ്ഡ്യൻ കോർപറേഷന്റെ താത്കാലിക അഭയകേന്ദ്രത്തിലായിരുന്നു താമസിച്ചിരുന്നത്.
നിലവിൽ 54,122 കൊവിഡ് കേസുകളാണ് തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചിട്ടുള്ളത്. 5,886 പേർക്കാണ് ജീവൻ നഷ്ടമായി

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


