National
സുശാന്ത് കേസ് ഇനി സി ബി ഐ അന്വേഷിക്കും ; റിയാ ചക്രബർത്തിയുടെ ഹരജി തള്ളി

ന്യൂഡൽഹി| ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ ബിഹാർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയാ ചക്രവർത്തി സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് ഹൃഷികേശ് റോയ് ആണ് വിധി പ്രസ്താവിച്ചത്. മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെളിവുകളും സി ബി ഐക്ക് കൈമാറാൻ മഹാരാഷ്ട്ര സർക്കാറിന് കോടതി നിർദേശം നൽകി.
ജൂൺ 14നാണ് സുശാന്ത് സിംഗിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സുശാന്തിൻറെ കാമുകി റിയാ ചക്രബർത്തിക്കെതിരെ സുശാന്തിൻറെ കുടുംബം രംഗത്ത് വന്നിരുന്നു. സാമ്പത്തിക നേട്ടത്തിനായി സുശാന്തിനെ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. കുടുംബത്തിൻറെ പരാതിയിൽ ബിഹാർ പോലീസ് കേസെടുത്തു. എന്നാൽ ഈ ആരോപണങ്ങളെല്ലാം റിയ നിഷേധിച്ചിരുന്നു.
നാലാമത്തെ വാദമായിരുന്നു ഇന്ന് നടന്നത്. കേസ് സി ബി ഐ ക്ക് കൈമാറാനുള്ള ബിഹാർ സർക്കാറിന്റെ ശിപാർശ അംഗീകരിച്ചതായി ഈ മാസം അഞ്ചിന് നടന്ന ആദ്യ വാദത്തിനിടെ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.